Advertisement

 

മാനവികതയിലൂടെ മതമൈത്രിയും വിശ്വശാന്തിയും പകരുന്ന ത്യാഗത്തിന്റെ ആര്യയാഗം കലശമലയില്‍ ഏപ്രില്‍ 9, 10, 11, വെള്ളി ശനി ഞായര്‍ ദിവസങ്ങളിലായി നടത്തുമെന്ന് ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീ ശ്രീ ആര്യമഹര്‍ഷിയും സഹധര്‍മ്മിണി സിമിയും സംബന്ധിക്കുന്ന ആര്യയാഗം കലശമല അഗതിയൂര്‍ ആര്യലോക് ആശ്രമത്തില്‍ നടക്കും. കാരകുറശ്ശി കൊള്ളിയാനി മഠത്തിലെ ഗിരിനാരായണ ശര്‍മ്മയുടെ കാര്‍മ്മികത്വത്തില്‍ ആര്യയാഗത്തിന് നാന്ദി കുറിക്കും. ഏപ്രില്‍ 8 വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് പന്തളം കൊട്ടാരം രാജപ്രതിനിധിയായ ശ്രീമൂലം തിരുനാള്‍ ശങ്കരവര്‍മ്മരാജ യാഗാഗ്‌നി പ്രോജ്ജ്വലിപ്പിക്കും. ഫാ: പത്രോസ് ഒഐസി, സ്വാമി കൃഷ്ണാനന്ദ സരസ്വതി തുടങ്ങിയവര്‍ സംബന്ധിക്കും. ചണ്ഡികാ ഹോമം, അര്‍ച്ചന, ജപം, ഭജന മുതലായ ക്രിയകളും ആര്യയാഗത്തിന്റെ ഭാഗമായി ഉണ്ടാകും. സൈക്കോസൊമാറ്റിക് അസുഖങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ താവത് എഫക്ട്‌ന്റെ ധ്യാന പദ്ധതിയിലെ ആര്യചക്ര മെഡിറ്റേഷന്‍ പരിശീലനവും ദിവസവും യാഗത്തില്‍ ഉണ്ടാകും. ഏപ്രില്‍ 10ന് നെല്ലുവായ് ധന്വന്തരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ വൈദ്യ പരിശോധനയും, മരുന്നു വിതരണവും നടക്കും. പ്രകൃതി സംരക്ഷണം, ജീവകാരുണ്യം, ആരോഗ്യം മുതലായ സെമിനാറുകളും ആര്യയാഗത്തിന്റെ ഭാഗമായി നടക്കും.