Advertisement

ആളൂർ ചിറക്കാവ് പാടശേഖരത്തിൽ പന്നികളുടെ ശല്യം. കൃഷിക്ക് വ്യാപക നാശം. കണ്ടാണശ്ശേരി പഞ്ചായത്തിലെ ആളൂർ ചിറക്കാവ് പാടശേഖരത്തിലാണ് പന്നിക്കൂട്ടത്തിന്റെ ശല്യത്തെ തുടർന്ന് വ്യാപകമായി കൃഷി നശിച്ചിരിക്കുന്നത്. രാത്രികാലത്ത് പന്നികൾ കൂട്ടമായെത്തി പാട വരമ്പും കതിരിടാറായ നെൽച്ചെടികളും കുത്തി മറിച്ചിടുന്നത് പതിവായിരിക്കുകയാണ്. മഴയെ തുടർന്ന് ഇത്തവണ ആദ്യം കൃഷിയിറക്കിയ നെൽച്ചെടികൾ പൂർണ്ണമായും വെള്ളത്തിനടിയിലായി നശിച്ചു പോയിരുന്നു. രണ്ടാമത് വീണ്ടും കൃഷിയിറക്കിയ നെൽച്ചെടികളാണ് കതിരിടറായ ഘട്ടത്തിൽ പന്നിക്കൂട്ടം നശിപ്പിക്കുന്നത്. കനത്ത നഷ്ടത്തിൽ നിന്നും കരകയറാനുള്ള ശ്രമത്തിനിടെ പന്നികൾ കൃഷി നശിപ്പിക്കുന്നത് കർഷകർക്ക് ഇരുട്ടടിയായിരിക്കുകയാണ്. 55 ഏക്കറിലേറെ വരുന്ന പാടശേഖരത്തിലെ ഭൂരിഭാഗം മേഖലയിലും പന്നികൾ കൂട്ടാമായെത്തി കൃഷി നശിപ്പിക്കുന്നുണ്ടെന്നും കൃഷി വകുപ്പിന്റെയും, സർക്കാരിന്റെയും അടിയന്തിര സഹായമുണ്ടാകണമെന്ന് പാടശേഖര സമിതി പ്രസിഡണ്ട് കെ.സി.ജോസ് ആവശ്യപ്പെട്ടു.പന്നികളുടെ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര സഹായമുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.