Advertisement

 

 

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിശക്തമായി തുടരവെ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി അമേരിക്ക. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവര്‍ ആയാലും ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുന്നതാണ് ഉചിതമാണെന്നാണ് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇന്ത്യയില്‍ കോവിഡ് വ്യാപനം വളരെ ശക്തമാണെന്നും സിഡിസി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും സിഡിസി പുറപ്പെടുവിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ പരിശോധന നടത്തേണ്ടതില്ല. എന്നാല്‍ പോവാനുദ്ദേശിക്കുന്ന രാജ്യം പരിശോധന ആവശ്യപ്പെടുന്നില്ലെങ്കില്‍ മാത്രമാണ് ഈ ഇളവ്. തിരിച്ച് അമേരിക്കയിലേക്ക് വരുമ്പോള്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്നും ഡിസിസി വ്യക്തമാക്കുന്നു.ഇന്ത്യയെ ‘റെഡ് ലിസ്റ്റില്‍’ ഉള്‍പ്പെടുത്തുന്നതായി ബ്രിട്ടനും നേരത്തെ പ്രഖ്യാപിച്ചിരുന്നു – യുകെ അല്ലെങ്കില്‍ ഐറിഷ് പൗരന്മാര്‍ ഒഴികെയുള്ള എല്ലാ രാജ്യക്കാര്‍ക്കും ബ്രിട്ടണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങള്‍പ്രകാരം 10 ദിവസത്തിനിടയില്‍ ഇന്ത്യ സന്ദര്‍ശിച്ച വിദേശ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെങ്കിലും 10 ദിവസം സര്‍ക്കാര്‍ അംഗീകാരമുള്ള ഒരു ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിക്കുന്നതിനുള്ള ചെലവ് വഹിക്കേണ്ടി വരുമെന്നും ബ്രിട്ടണ്‍ വ്യക്തമാക്കിയിട്ടുണ്ട്.