രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച മലയാള സിനിമയ്ക്കു നല്കുന്ന നെറ്റ്പാക്ക് പുരസ്കാരം നേടി വിപിന്‍ ആറ്റ്ലിയുടെ മ്യൂസിക്കല്‍ ചെയര്‍. സംവിധായകന് തന്നെയാണ് തിരക്കഥയും ഒരുക്കിയത്. മനുഷ്യന്റെ ബോധ-അബോധ മനസിനെ നിരന്തരം അലട്ടുന്ന മരണഭയത്തെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. എഴുത്തുകാരനായ ഒരു യുവാവിന്റെ ആത്മസംഘര്‍ഷങ്ങളിലൂടെ മരണമെന്ന കസേരകളിയുടെ പൊരുള്‍ അന്വേഷിക്കുകയാണ് മ്യൂസിക്കല്‍ ചെയര്‍.
കോവിഡ് കാലത്ത് സിനിമാ മേഖല സ്തംഭിച്ചു നിന്നപ്പോള്‍ തന്റെ രണ്ടു ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തിച്ച സംവിധായകനാണ് വിപിന്‍ ആറ്റ്ലി. മരണമെന്ന ഗഹനവിഷമായിരുന്നു മ്യൂസിക്കല്‍ ചെയര്‍ എന്ന ചിത്രത്തിന്റെ പ്രമേയം. കോവിഡ് കാലത്ത് മലയാളത്തില്‍ ടിക്കറ്റ് വച്ച് ആദ്യമായി ഒടിടി റിലീസ് ചെയ്ത ചിത്രം മ്യൂസിക്കല്‍ ചെയറായിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ 17000 ടിക്കറ്റുകള്‍ വിറ്റുപോയെന്ന് വിപിന്‍ ആറ്റ്ലി പറയുന്നു.ഒടിടി റിലീസിനു ശേഷം കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കും മ്യൂസിക്കല്‍ ചെയര്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ നിറവിലാണ് ഹോംലി മീല്‍സ് എന്ന സിനിമയുടെ തിരക്കഥാകൃത്തും നടനും ബെന്‍ സിനിമയുടെ സംവിധായകനും കൂടിയായ വിപിന്‍ ആറ്റ്ലി. ചലച്ചിത്രമേളയുടെ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി പതിപ്പുകളില്‍ മികച്ച അഭിപ്രായമാണ് മ്യൂസിക്കല്‍ ചെയര്‍ നേടിയത്.