സി.വി. ശ്രീരാമന്‍ സ്മൃതി പുരസ്‌ക്കാര ദാനചടങ്ങ് മാറ്റിവെച്ചു

സി.വി.ശ്രീരാമന്‍ സ്മൃതി പുരസ്‌ക്കാര ദാനചടങ്ങ് പ്രളയകെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു.ട്രസ്റ്റ് ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. പുരസ്‌കാരത്തിനുള്ള കൃതികള്‍ ക്ഷണിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി സൃഷ്ടികള്‍ ലഭിച്ചിരുന്നു. ജൂറി പ്രാഥമിക വിലിയിരുത്തല്‍ നടത്തുന്ന വേളയിലാണ് സംസ്ഥാനത്ത് പ്രളയനാശമുണ്ടായത്.അതിനാല്‍ ഇത്തവണത്തെ അവാര്‍ഡുദാന പരിപാടികള്‍ മാറ്റി വെച്ച് ഇരുപത്തയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ സാമൂഹ്യപ്രബുദ്ധരായ ജനങ്ങള്‍ക്കൊപ്പം ട്രസ്റ്റും പങ്കുചേരുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സി.വി.ശ്രീരാമന്റെ ചരമദിനമായ ഒക്ടോബര്‍ പത്തിന് അദ്ധേഹത്തിനെ വസതിയില്‍ ശ്രാദ്ധാഞ്ജലിയും നടക്കും.ഒക്ടോമ്പര്‍ പതിനാലിന് വൈകീട്ട് നാല് മണിക്ക് അനുസ്മരണ യോഗം നടത്തുമെന്നും യോഗത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് സി.വി.ശ്രീരാമന്‍ സ്മാരക പ്രഭാഷണവും നടക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ വി.കെ.ശ്രീരാമന്‍, പി.എസ്.ഷാനു, പി.ജി.ജയപ്രകാശ്, പി.എന്‍.സോമന്‍, അഷറഫ് പേങ്ങാട്ടയില്‍ എന്നിവര്‍ അറിയിച്ചു.