ഇന്ത്യന്‍ സിനിമയിലെ താരറാണി ശ്രീദേവിയുടെ ഓര്‍മകള്‍ക്ക് മൂന്നാണ്ട്

Advertisement

Advertisement

 

അഭിനയംകൊണ്ടും സൗന്ദര്യംകൊണ്ടും ഇന്ത്യന്‍ സിനിമയില്‍ ജ്വലിച്ച താരറാണി ശ്രീദേവി ഓര്‍മയായിട്ട് മൂന്ന് വര്‍ഷം. ആരാധകരെയും സിനിമാ മേഖലയെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡില്‍ അഞ്ചു ദശാബ്ദത്തോളം തിളങ്ങി നിന്ന ശ്രീദേവിയുടെ അകാലമരണം.ബാലതാരമായാണ് ശ്രീദേവി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. തന്റെ നാലാം വയസ്സില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ താരം 1980-കളിലാണ് നായിക വേഷം ചെയ്തുതുടങ്ങിയത്. ബാലചന്ദര്‍ തന്റെ ശിഷ്യരായ കമല്‍ ഹാസനും രജനീകാന്തിനുമൊപ്പം മുണ്ട്ര് മുടിച്ച് എന്ന ചിത്രത്തില്‍ പതിമൂന്നുകാരിയായ ശ്രീദേവിയെ നായികയാക്കി. തുടര്‍ന്ന് കമലിനും രജനിക്കുമൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. പിന്നാലെ ബോളിവുഡിലേക്ക് ചേക്കേറിയ താരം, പതുക്കെ പതുക്കെ ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു. 1983 ല്‍ ജിതേന്ദ്രയുടെ നായികയായതോടെ ബോളിവുഡിലെ തിരക്കേറിയ താരമായി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയും ശ്രീദേവിയെ തേടിയെത്തി.സൂപ്പര്‍ താരം മിഥുന്‍ ചക്രവര്‍ത്തിയുമായി പ്രണയത്തിലായെന്നും അവര്‍ വിവാഹം ചെയ്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്കൊടുവില്‍ അനില്‍ കപൂറിന്റെ സഹോദരന്‍ ബോണി കപൂറിനെ 1996ല്‍ വിവാഹം ചെയ്തു. 1997 ല്‍ സിനിമയില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെ തിരിച്ചെത്തി. ഭര്‍ത്താവ് ബോണി കപൂര്‍ നിര്‍മ്മാണം ചെയ്ത മോം ആയിരുന്നു അവസാന ചിത്രം.
ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നീ രണ്ടു മക്കളാണ്. ധടക് സിനിമയിലൂടെ ജാന്‍വി ബോളിവുഡിലേക്കെത്തിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ശ്രീദേവി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.കുടുംബാംഗങ്ങള്‍ക്കൊപ്പം ദുബായിലെത്തിയ താരത്തെ ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ 2018 ഫെബ്രുവരി 24 ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.