എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല, കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച്‌ പൂര്‍ത്തിയാക്കും

Advertisement

Advertisement

സംസ്ഥാനത്ത് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വെയ്‌ക്കേണ്ടതില്ലെന്ന് തീരുമാനം. ബാക്കിയുളള പരീക്ഷകളെല്ലാം നിലവിലെ ഷെഡ്യൂള്‍ പ്രകാരം തന്നെ തുടരും. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്നും കര്‍ശനമായി കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച്‌ തന്നെ പരീക്ഷകള്‍ പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നിലവില്‍ പരീക്ഷകള്‍ മാറ്റി വെക്കേണ്ട സാഹചര്യം ഇല്ലെന്നും സ്‌കൂളുകളില്‍ മൈക്രോ പ്ലാന്‍ നടപ്പാക്കുന്നുവെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ അഞ്ച് പരീക്ഷകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇനി പത്താം ക്ലാസില്‍ 4 പരീക്ഷകള്‍ ആണ് ബാക്കി ഉളളത്. പ്ലസ് ടുവിന് നാല് ദിവസത്തെ പരീക്ഷകള്‍ ബാക്കിയുണ്ട്. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കൂടാതെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കൂടി സംസ്ഥാനത്ത് പൂര്‍ത്തിയാക്കാനുണ്ട്.

പരീക്ഷകളുടെ നടത്തിപ്പിന് ആവശ്യമായ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് കൈമാറിയിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. അധ്യാപകരും വിദ്യാര്‍ത്ഥികളും അനധ്യാപക ജീവനക്കാരും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ധരിക്കണം. ഇക്കാര്യം ഉറപ്പ് വരുത്താനുളള ചുമതല ചീഫ് സൂപ്രണ്ടുമാര്‍ക്കാണ്. പരീക്ഷാ ഹാളുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് മുന്‍പായി ശരീരോഷ്മാവ് പരിശോധന നടത്തുന്നത് അടക്കമുളളവ തുടരും.

സംസ്ഥാനത്ത് നാല് ലക്ഷത്തി ഇരുപത്തി രണ്ടായിരം കുട്ടികള്‍ ആണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. പ്ലസ് ടു പരീക്ഷ എഴുതുന്നത് നാല് ലക്ഷത്തിന് നാല്‍പ്പത്തി ആറായിരം വിദ്യാര്‍ത്ഥികളാണ്. കൊവിഡ് ബാധിതരായ കുട്ടികള്‍ക്കും കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പരീക്ഷ എഴുതുന്നതിന് വേണ്ടി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്കായി സുരക്ഷിതമായ പ്രത്യേക മുറികളുണ്ട്.