ഒമിക്രോണ്‍ വ്യാപന ഭീഷണി; ഗുരുവായൂര്‍ ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായുള്ള ദേശപകര്‍ച്ച ഒഴിവാക്കി

Advertisement

Advertisement

ഒമിക്രോണ്‍ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായുള്ള ദേശപകര്‍ച്ച ഒഴിവാക്കി പകരം ഭക്ഷ്യകിറ്റ് നല്‍കാന്‍ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു. ദേശക്കാര്‍ക്കും ഭക്തര്‍ക്കുമായി 30000 ഭക്ഷ്യക്കിറ്റുകളാണ് നല്‍കുക.അഞ്ച് കിലോ മട്ട അരിടക്കം കഴിഞ്ഞ വര്‍ഷത്തെ കിറ്റില്‍ ഉള്‍പ്പെടുത്തിയ സാധനങ്ങളാണ് ഇത്തവണയും നല്‍കുക. കിറ്റുകള്‍ ഫെബ്രുവരി 10 നകം മുപ്പതിനായിരം തയ്യാറാക്കും. ഇതിനായി മല്‍സരാടിസ്ഥാനത്തിലുള്ള ടെണ്ടര്‍ ജനുവരി 20 നകം വിളിക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷവും ദേശ പകര്‍ച്ചയ്ക്ക് പകരം 25000 ഭക്ഷ്യക്കിറ്റുകളാണ് നല്‍കിയത്. ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകാത്ത പുഷ്പങ്ങളും തുളസിമാലയും ജനുവരി 18 മുതല്‍ ക്ഷേത്രത്തിനകത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. ചെത്തി, മന്ദാരം, താമര എന്നീ പൂക്കളും മാലകെട്ടാത്ത തുളസിയും മാത്രമേ ക്ഷേത്രത്തില്‍ സ്വീകരിക്കുകയുള്ളൂ. ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രത്തില്‍ ഉപയോഗിക്കാത്ത പുഷ്പങ്ങള്‍ കൊണ്ടുള്ള മാലകളും മാലകെട്ടിയ തുളസി യും ചിലര്‍ ക്ഷേത്ര പരിസരത്ത് വില്‍പ്പന നടത്തുന്നുണ്ട്. ക്ഷേത്രാവശ്യങ്ങള്‍ക്ക് യോഗ്യമല്ലാത്തതിനാല്‍ മാലിന്യം എന്ന നിലയില്‍ ഇവ നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും വലിയ പ്രയാസവും ദേവസ്വത്തിന് ഇത് അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാൈനിച്ചത്. ക്ഷേത്രം വക സ്ഥലത്ത് ഇത്തരം പുഷ്പങ്ങള്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ല. പോലീസ് സഹായത്തോടെ ഇത്തരം പുഷ്പങ്ങള്‍ വില്‍ക്കുന്നത് നിയന്ത്രിക്കും. യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. കെ.ബി.മോഹന്‍ദാസ് അധ്യക്ഷതവഹിച്ചു. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, കെ.വി.ഷാജി, അഡ്വ. കെ.വി.മോഹന കൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ പങ്കെടുത്തു.