കടവല്ലൂര്‍ പഞ്ചായത്തിലെ നെല്‍പ്പാടങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ സന്ദര്‍ശിച്ചു.

Advertisement

Advertisement

കടവല്ലൂര്‍ പഞ്ചായത്തിലെ നെല്‍പ്പാടങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ സന്ദര്‍ശിച്ചു. പഞ്ചായത്തിലെ മിക്ക കൃഷിയിടങ്ങളിലും ഓലകരിച്ചില്‍ മൂലം കൃഷി നാശം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം. പാത്തോളജി വിഭാഗം പ്രഫസര്‍മാരായ ഡോ.സി.ആര്‍.രശ്മി, ഡോ.സി.അഞ്ജു, ചിത്ര ബി.നായര്‍, കെ.ഷാഹിദ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്ക്ക് എത്തിയത്. കൃഷി ഓഫിസര്‍മാരും ഒപ്പമുണ്ടായിരുന്നു. മിക്ക പാടശേഖരങ്ങളിലും രോഗം തീവ്രമാണെന്നും വിളഞ്ഞു നില്‍ക്കുന്ന നെല്‍ച്ചെടികളില്‍ രോഗംബാധിച്ചാല്‍ രക്ഷിക്കുക അസാധ്യമാണെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. മറ്റു ചെടികളെ രോഗം ബാധിക്കാതെ നോക്കുകയാണ് ഏക പോംവഴി. രോഗം വ്യാപകമായതിനാല്‍ ഈ വര്‍ഷത്തെ വിളവില്‍ കാര്യമായ കുറവുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാലംതെറ്റി പെയ്ത മഴയും അതുമൂലം ഉണ്ടായ വെള്ളക്കെട്ടുമാണു മുന്‍കാലങ്ങളെ അപേക്ഷിച്ചു രോഗം പടരാന്‍ കാരണമായത്. തീവ്രതയുള്ള സ്ഥലങ്ങളില്‍ സ്‌ട്രെപ്‌റ്റോസൈക്ലിന്‍ 2 ഗ്രാം, കോപ്പര്‍ ഹൈഡ്രോക്‌സൈഡ് 20 ഗ്രാം എന്നിവ 10 ലീറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ കലര്‍ത്തി തളിക്കണമെന്നു ഡോ.സി.ആര്‍.രശ്മി പറഞ്ഞു.