കുന്നംകുളം പ്രസ് ക്ലബ്ബ് മികച്ച പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

Advertisement

Advertisement

 

കഴിഞ്ഞവര്‍ഷം ഈ സമയം ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ 2019 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള എന്‍ട്രികളാണ് അവാര്‍ഡിനായി പരിഗണിച്ചത്. മികച്ച പ്രാദേശിക പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡിന് മാതൃഭൂമി കൊടകര ലേഖകന്‍ രഞ്ജിത് മാധവന്‍ അര്‍ഹനായി. 2019 മെയ് മാസത്തില്‍ മാതൃഭൂമിയില്‍ മുരിയാട് കായല്‍ ഇടനാടിന്റെ സസ്യോദ്യാനം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരമ്പരയാണ് അവാര്‍ഡിനര്‍ഹമായത്. തൃശ്ശൂര്‍ കോള്‍ പാടങ്ങളുടെ ഭാഗമായുള്ള വിസ്തൃതമായ മൂരിയാട് കായല്‍ പ്രദേശത്തെ ജൈവവൈവിധ്യങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഒട്ടേറെ സസ്യവിഭാഗങ്ങളെ കണ്ടെത്തുകയും ഇവയുടെ സവിശേഷതകളും ഇവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കിയുള്ളതായിരുന്നു പരമ്പര. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡിന് വയനാട് ജില്ലയിലെ കല്‍പ്പറ്റ മലനാട് ചാനല്‍ റിപ്പോര്‍ട്ടര്‍ പി ഇല്യാസ് അര്‍ഹനായി. വയനാട് ആദിവാസിമേഖലയില്‍ വീടോ അനുബന്ധ സൗകര്യങ്ങളോ ഇല്ലാതെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അതിനടിയില്‍ അഭയം തേടി ജീവിച്ചുപോന്ന രണ്ടു കുടുംബങ്ങളുടെ ദയനീയ കഥ പുറം ലോകത്ത് എത്തിച്ചതായിരുന്നു റിപ്പോര്‍ട്ട്. ഉടനെ തന്നെ ഇവര്‍ക്ക് റേഷന്‍ കാര്‍ഡും താമസിക്കാന്‍ സൗകര്യവും ഉള്‍പ്പെടെ അനുകൂലനടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാക്കിക്കൊടുക്കാന്‍ ഇല്യാസിന്റെ റിപ്പോര്‍ട്ടിനായി. 3,500 രൂപയും ഫലകവും പ്രശംസിപത്രവും ഉള്‍പ്പെടുന്നതാണ് ദൃശ്യ മാധ്യമ അവാര്‍ഡ്. ഏപ്രില്‍ അവസാനം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് പ്രസ്സ് ക്ലബ് ഭാരവാഹികളായ എം ബിജുബാല്‍, സി.സജിത്ത്, കെ ആര്‍ ബാബു, എം കെ സുധീഷ് കുമാര്‍, അജ്മല്‍ എന്നിവര്‍ അറിയിച്ചു.