കോവിഡ് പ്രതിരോധത്തിനായി ലോകത്തിന് സഞ്ജീവനി നല്‍കി ഇന്ത്യ; 70 രാജ്യങ്ങള്‍ക്കായി വിതരണം ചെയ്തത് ആറ് കോടി കോവിഡ് വാക്സിന്‍

Advertisement

Advertisement

 

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകരാജ്യങ്ങള്‍ക്ക് കൈത്താങ്ങായി ഇന്ത്യ. 70 ഓളം രാജ്യങ്ങള്‍ക്കായി ഇന്ത്യ ഇതുവരെ ആറു കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇന്ത്യയില്‍ തദ്ദേശീയമായി വാക്‌സിന്‍ ഉത്പാദനം നടക്കുന്നതിനാല്‍ വാക്‌സിന് വേണ്ടി സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. മാലദ്വീപ്, ബംഗ്ലാദേശ്, മ്യാന്‍മര്‍, ഭൂട്ടാന്‍, നേപ്പാള്‍, മൗറീഷ്യസ്, സീഷെല്‍സ്, ശ്രീലങ്ക, ഒമാന്‍, അഫ്ഗാനിസ്താന്‍, ബാര്‍ബെഡോസ്, ഡൊമിനിക്ക, ബ്രസീല്‍, മൊറാക്കോ, ഈജിപ്ത്, അള്‍ജീരിയ, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കി.
ഇന്ത്യയില്‍ ആഭ്യന്തര ഉപയോഗത്തിനാവശ്യമുള്ളതിലധികം വാക്‌സിന്‍ ഉത്പാദനം നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആവശ്യം കഴിഞ്ഞ് ശേഷിക്കുന്ന ഡോസുകള്‍ വരും ആഴ്ച്ചകളിലും മാസങ്ങളിലും മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നുമാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രാജ്യത്തിന് ആവശ്യമായ അളവ് വാക്‌സിന്‍ സംഭരിക്കാന്‍ ഉത്പാദര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബെ രാജ്യസഭയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് എന്നിങ്ങനെ രണ്ടു വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി നല്‍കിയിരിക്കുന്നത്. 28 ദിവസത്തെ ഇടവേളകളിലായി രണ്ടു ഡോസുകളായാണ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുക്കേണ്ടത്.