കോവിഡ് രണ്ടാം തരംഗത്തില്‍ രോഗലക്ഷണങ്ങളില്‍ പ്രകടമായ മാറ്റങ്ങളെന്ന് റിപ്പോര്‍ട്ട്

Advertisement

Advertisement

 

 

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലായി ദിവസേന സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം തികഞ്ഞ സാഹചര്യത്തില്‍ കോവിഡിന്റെ ഈ രണ്ടാം തരംഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാകുന്ന ഒരു ഘട്ടത്തിലേക്കാണ് നയിക്കുന്നതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ആദ്യത്തെ തരംഗത്തേക്കാള്‍ രൂക്ഷമായ പ്രത്യാഘാതങ്ങള്‍ കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിച്ചേക്കാം എന്ന ആശങ്കയും വ്യാപകമാകുന്നുണ്ട്. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, ജലദോഷം എന്നിവ ഉള്‍പ്പെടെയുള്ള അസാധാരണമായ ലക്ഷണങ്ങളാണ് രോഗികള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതുകൊണ്ടുതന്നെ, കോവിഡിന്റെ പ്രധാന ലക്ഷണങ്ങളായി കണ്ടിരുന്ന പനിയും ചുമയും ഇല്ലെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ നിര്‍ദ്ദേശിക്കുകയാണ് ഡോക്ടര്‍മാര്‍. മിക്ക കോവിഡ് കേസുകളും ഗൗരവസ്വഭാവം കുറഞ്ഞതും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതുമാണ്. എന്നാല്‍, വൈറസ് ശരീരത്തെ ബാധിക്കുന്ന രീതിയില്‍ വരുന്ന വ്യത്യാസങ്ങള്‍ രോഗബാധയുടെ തീവ്രത വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. വ്യക്തമായ തെളിവുകള്‍ ലഭ്യമല്ലെങ്കിലും മഹാരാഷ്ട്രയില്‍ കണ്ടെത്തിയിട്ടുള്ള ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ക്ക് ശരീരത്തെ വ്യത്യസ്തമായ രീതിയില്‍ ബാധിക്കാനുള്ള കഴിവുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. അവയ്ക്ക് തീവ്രമായ അണുബാധസൃഷ്ടിക്കാനും എളുപ്പത്തില്‍ ശ്വാസകോശത്തിലേക്ക് വ്യാപിക്കാനും ന്യുമോണിയയ്ക്ക് കാരണമാകാനുമുള്ള ശേഷിയുണ്ട്. ഇത് രോഗബാധയെ കൂടുതല്‍ സങ്കീര്‍ണമാക്കും.