കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ചക്ക് പ്രധാനമന്ത്രി

Advertisement

Advertisement

 

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം ആറിന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, പ്രമുഖ ഡോക്ടര്‍മാര്‍ എന്നിവരുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് മോദി വാക്‌സിന്‍ നിര്‍മാതാക്കളെ കാണുന്നത്.കോവിഡ് വ്യാപനം സൃഷ്ടിച്ച അടിയന്തര സാഹചര്യങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട ചര്‍ച്ചകളിലാണ് പ്രധാനമന്ത്രി. മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമായി ഇന്നലെ രാവിലെയാണ് മോദി ചര്‍ച്ച നടത്തിയത്. പിന്നാലെ രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാരുമായും അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.തെരഞ്ഞെടുപ്പ് പ്രചാരണവുമായി നടക്കാതെ, ഏറ്റവും നിര്‍ണായകമായ ഘട്ടത്തില്‍ ഡല്‍ഹിയിലിരുന്ന് ഭരണകാര്യങ്ങള്‍ ഏകോപിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഓര്‍മപ്പെടുത്തിയിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും പ്രചാരണ യാത്രകള്‍ നടത്തി പ്രധാനമന്ത്രി തന്നെ സാമൂഹിക അകലത്തിന്റെ മാനദണ്ഡം കാറ്റില്‍ പറത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്ന കുറ്റപ്പെടുത്തലും ഉയര്‍ന്നിരുന്നു.