ഗുരുവായൂര്‍ റയില്‍വേ മേല്‍പാല നിര്‍മാണത്തിന്റെ പൈലിങ് തുടങ്ങി;തൃശൂര്‍ റോഡ് അടച്ചു.

Advertisement

Advertisement

ഗുരുവായൂര്‍ റയില്‍വേ മേല്‍പാല നിര്‍മാണത്തിന്റെ പൈലിങ് തുടങ്ങി.തൃശൂര്‍ റോഡ് അടച്ചു.റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷനാണ് മേല്‍പ്പാലത്തിന്റെ നിര്‍മാണ ചുമതല. ചെന്നെയിലെ എസ്.ബി.എല്‍ ഇന്‍ഫ്രാ ടെക് കമ്പനിയാണ് പൈലിംഗ് ജോലികള്‍ ചെയ്യുന്നത്. ഉച്ചക്ക് 12.30ന് ഹൈഡ്രോളിക് റിഗ്ഗിന്റെ പൂജ നടത്തിയ ശേഷമാണ് പൈലിങ് ജോലികള്‍ ആരംഭിച്ചത്. പാലത്തിന്റെ കിഴക്ക് ഭാഗത്ത് ആദ്യംവരുന്ന തൂണിന് വേണ്ടിയുള്ള പൈലിങ്ങാണ് തുടങ്ങിയത്. ഇത്തരം പത്ത് തൂണുകളിലാണ് പാലത്തിന്റെ ഗാര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള 33കോടി രൂപ ചിലവിട്ടാണ് പാലം നിര്‍മിക്കുന്നത്. റയില്‍വേഗേറ്റ് ദിനംപ്രതി 36 തവണ തുറന്ന് അടക്കുന്നത് കൊണ്ടുള്ള ഗതാഗതകുരുക്ക് ക്ഷേത്രനഗരിയില്‍ പതിവ് കാഴ്ചയായിരുന്നു. ഗേറ്റ് കേട് വരുന്നതും മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതും പതിവായിരുന്നു. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ മേല്‍പാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് ഏറെകാലത്തെ പഴക്കമുണ്ട്. കഴിഞ്ഞ ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചത്. മജ്ഞുളാലിന് സമീപവും അപ്പാസ് തിയ്യേറ്ററിന് മുന്നിലും ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് റോഡ് അടച്ചാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. തിരുവെങ്കിടം റോഡ് മുതല്‍ അപ്പാസ് തിയ്യേറ്റര്‍ വരെ ഇരുചക്രവാഹനങ്ങളടക്കമുള്ളവ കടത്തി വിടുന്നില്ല. മജ്ഞുളാല്‍ മുതല്‍ തിരുവെങ്കിടം ഗേറ്റ് വരെ ബൈക്കുകള്‍ക്ക് അനുമതിയുണ്ട്. റെയില്‍വേഗേറ്റിന് പടിഞ്ഞാറ് ഭാഗത്ത് നിര്‍മ്മാണം നടക്കുന്നത് വരെ ഇത് തുടരാണ് തീരുമാനം. തൃശ്ശൂരില്‍ നിന്ന് വരുന്ന സ്വകാര്യ ബസുകള്‍ ബാലകൃഷ്ണ തിയ്യറ്ററിന്റെ കിഴക്കു ഭാഗത്ത് യാത്രക്കാരെ ഇറക്കും. ഗുരുവായൂരിലേക്ക് എത്തേണ്ടവര്‍ മേല്‍പ്പാലം നടന്ന് കടക്കണം. ഗുരുവായൂരിലേക്കുള്ള വലിയ വാഹനങ്ങള്‍ ചൂണ്ടലില്‍ നിന്ന് കുന്നംകുളം വഴി തിരിച്ചു വിടുന്നുണ്ട്. മമ്മിയൂര്‍ ചാട്ടുകുളം റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുള്ള യാത്ര ദുഷ്‌കരമാണ്. മാവിന്‍ചുവട് വഴിയിലിയൂടെയും തൈക്കാട് തിരിവ് റോഡ് വഴിയും വാഹനങ്ങള്‍ തിരിച്ച് വിടുന്നുണ്ട്. ഒമ്പത് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതുവരെ ഗതാഗതം ഇതേ രീതിയില്‍ തുടരും.