നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും.

Advertisement

Advertisement

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് 4.30ന്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരളം, ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതുപോലെ മറ്റ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതൃത്വവുമായെല്ലാം കമ്മീഷന്‍ ചര്‍ച്ച നടത്തി. ഇതിന് ശേഷം വിപുലമായ കമ്മീഷന്റെ യോഗങ്ങള്‍ പൂര്‍ത്തിയാക്കിയാണ് തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ ഒരുങ്ങുന്നത്. മാധ്യമങ്ങള്‍ക്ക് നേരത്തെ കമ്മീന്‍ നല്‍കിയ സൂചന പ്രകാരം അടുത്തമാസം ഏഴിന് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചടത്തോളം ഒരുക്കങ്ങള്‍ക്ക് കൂടുതല്‍ വേഗത കൈവരിക്കേണ്ടിവരും. റമസാന്‍ നോമ്പിന് മുമ്പ് കേരളത്തില്‍ തിരഞ്ഞെടുപ്പ് വേണമെന്ന് ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഏപ്രില്‍ ആദ്യത്തില്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒറ്റഘട്ടമായാകും കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ചും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ ഇതിനകം മുന്നണികളിലും പാര്‍ട്ടികളിലും പുരോഗമിക്കുകയാണ്. ഇതിനകം പലയിടത്തും പ്രാഥമിക ധാരണ എത്തിയിട്ടുണ്ട്. കടുത്ത മത്സരം ഇത്തവണ കേരളത്തില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.