പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥത; കൂനംമൂച്ചി മേഖലയിൽ വെള്ളക്കെട്ട്

Advertisement

Advertisement

പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥത.
കൂനംമൂച്ചി മേഖലയിൽ വെള്ളക്കെട്ട്. പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും തലതിരിഞ്ഞ നിലപാടിനെ തുടർന്ന് കൂനംമൂച്ചി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ദേവാലയ പരിസരത്ത് റോഡിലെ വെള്ളക്കെട്ട് രൂക്ഷമായി. റോഡിന്റെ വശങ്ങളിൽ മണ്ണ് കൊണ്ട് വന്ന് തട്ടിയതിനെ തുടർന്ന് വെള്ളം ഒഴുകി പോകുന്നതിനുള്ള വഴി അടഞ്ഞതോടെയാണ് വെള്ളക്കെട്ട് അനുഭവപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി വെള്ളം ഒഴുകി പോകാതെ കെട്ടി കിടക്കുന്ന നിലയിലാണ്. അരികന്നിയൂർ മേഖലയിൽ റോഡ് വീതി കൂട്ടി കാന നിർമ്മിക്കുന്നതിന്റെ ഭാഗമായെടുത്ത മണ്ണാണ് പള്ളിയുടെ സമീപത്തായി തട്ടിയിരിക്കുന്നത്. വെള്ളക്കെട്ടിനെ തുടർന്ന് ദേവാലയത്തിലേക്ക് പോകുന്നവർ ഏറെ ബുദ്ധിമുട്ടിലാണ്. ശബരിമല സീസണായതോടെ ദിനം പ്രതി സമീപ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ . റോഡിലൂടെ നടന്നു പോകുന്നവരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും പതിവായിരിക്കുകയാണ്. യാത്രികർക്കും പ്രദേശവാസികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വെള്ളക്കെട്ടിന് കാരണമായ മണ്ണ് എത്രയും വേഗം ഇവിടെ നിന്ന് മാറ്റണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം. യാതൊരു പ്രശ്നവുമില്ലാതെ സുഗമമായി യാത്ര ചെയ്തിരുന്ന മേഖലയിൽ വെള്ളക്കെട്ടിന് കാരണം പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വ നടപടികളാണെന്നും നാട്ടുക്കാർ അഭിപ്രായപ്പെട്ടു. നോമ്പുകാലമായതിനാൽ ദേവാലയത്തിലേക്ക് പ്രായമായ വിശ്വാസികൾ കൂടുതലായി പോകുന്ന സാഹചര്യമുണ്ട്. മണ്ണ് മാറ്റി പരിഹാരം കണ്ടില്ലെങ്കിൽ അപകടങ്ങൾക്കും ഈ വെള്ളക്കെട്ട് കാരണമായേക്കുമെന്ന ഭീതിയും പ്രദേശവാസികൾക്കുണ്ട്.