വില്ലേജ് ഓഫീസുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതുമൂലം ജനം വലയുന്നു

Advertisement

Advertisement

വില്ലേജ് ഓഫീസുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതുമൂലം ജനം വലയുന്നു. പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളിലെ വില്ലേജ് ഓഫിസുകളിലാണ് മുഴുവന്‍ സമയ വില്ലേജ് ഓഫീസര്‍മാര്‍ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ സേവനം ലഭ്യമാകാതെ നട്ടംതിരിയുന്നത്.വടക്കേക്കാടും പുന്നയൂര്‍ക്കുളവും ഗ്രൂപ്പ് വില്ലേജുകളാണ് പ്രവര്‍ത്തിക്കുന്നത്. പുന്നയൂര്‍ പഞ്ചായത്തിലെ എടക്കര വില്ലേജ് ഓഫീസിലെ ഓഫീസറെ വടക്കേക്കാട് ഗ്രൂപ്പ് വില്ലേജിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ടങ്കിലും സ്ഥലം മാറ്റുന്നതിന് മുന്‍പ് ലീവ് എടുത്തതിനാല്‍ ഇതുവരെ ജോയിന്‍ ചെയ്തിട്ടില്ല. നിലവില്‍ വടക്കേക്കാട് ഗ്രൂപ്പ് വില്ലേജില്‍ പൂക്കോട് ഓഫീസര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. അധിക ചുമതലയുള്ള ഓഫീസുകളില്‍ ഓഫീസര്‍മാര്‍ ഉച്ചക്ക് ശേഷം മാത്രമാണ് ഓഫീസില്‍ എത്തുവാന്‍ കഴിയുന്നത്. ഉച്ചക്ക് ശേഷം ഓഫീസ് ജീവനക്കാര്‍ ഫീല്‍ഡ് വര്‍ക്കിനായി പോവുന്നതിനാല്‍ ആവശ്യക്കാര്‍ എത്തിയാലും ഫയലുകളും മറ്റു നടപടികള്‍ ഒന്നും നടത്താന്‍ കഴിയുന്നില്ല. അടിയന്തിര പ്രാധാന്യമുള്ള ഹൈവേയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന കടിക്കാട് വില്ലേജിലും പുന്നയൂര്‍ വില്ലേജിലും അധിക ചുമതല ആയിട്ടാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വില്ലേജ് ഓഫീസില്‍ തന്നെ രണ്ടും മൂന്നും ഓഫിസര്‍മാര്‍ വേണ്ട സാഹചര്യമാണുള്ളത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പേപ്പറുകള്‍ ശരിയാക്കാന്‍ കഴിയാത്തതിനാല്‍ അതോറിറ്റി ഏറ്റടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം കിട്ടാതെ ഓഫീസുകളില്‍ ദിനംപ്രതി കയറിയിറങ്ങി കൊണ്ടിരിക്കുകയാണ് ജനങ്ങള്‍. എത്രയും പെട്ടന്ന് സ്ഥിരമായ ഓഫീസര്‍മാരെ ഓഫീസുകളില്‍ നിയമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം