വിശ്വകായിക മേളയ്ക്ക് ടോക്യോയില്‍ ആവേശത്തുടക്കം.

Advertisement

Advertisement

വിശ്വകായിക മേളയ്ക്ക് ടോക്യോയില്‍ ആവേശത്തുടക്കം. ഇന്ത്യന്‍ പതാകയേന്തി മേരി കോമും മന്‍പ്രീത് സിംഗും മാര്‍ച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു.നാല് മണിക്കൂര്‍ നീളുന്നതാണ് ഉദ്ഘാടന ചടങ്ങ്. ഗ്രീക്ക് ടീമില്‍ തുടങ്ങി ആതിഥേയരായ ജപ്പാന്റെ സംഘത്തില്‍ എത്തുന്ന മാര്‍ച്ച് പാസ്റ്റില്‍ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തിയത്. ഇന്ത്യന്‍ സംഘത്തില്‍ 28 പേര്‍ മാത്രമാണ് അണിനിരന്നത്. ഉദ്ഘാടന ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. 42 വേദികളിലായി 11,200 കായിക താരങ്ങള്‍ മാമാങ്കത്തില്‍ പങ്കെടുക്കും. ഒട്ടും പരിചിതമല്ലാത്ത കാലത്താണ് ഇപ്രാവശ്യം ഒളിമ്പിക്സ് നടക്കുക. ജപ്പാനില്‍ കോവിഡ് ആശങ്ക ഒഴിയുന്നില്ല. ആറുമാസത്തെ ഉയര്‍ന്ന നിരക്കാണ് ടോക്യോയില്‍. ജനം പ്രതിഷേധവുമായി തെരുവുകളിലുമാണ്.കാണികള്‍ക്ക് അനുമതിയില്ല. ടെലിവിഷനിലാണ് മേളക്കാഴ്ചകള്‍. സോണി നെറ്റ്വര്‍ക്കില്‍ തത്സമയം. ആഗസ്ത് എട്ടിനാണ് സമാപനം. കഴിഞ്ഞ ജൂലൈയില്‍ നടക്കേണ്ട ഒളിമ്പിക്‌സ് കോവിഡ് കാരണം ഒരുവര്‍ഷം വൈകുകയായിരുന്നു. റദ്ദാക്കല്‍വരെ ആലോചിച്ചെങ്കിലും രാജ്യാന്തര ഒളിമ്പിക് സമിതിയും (ഐഒസി) ജപ്പാന്‍ സര്‍ക്കാരും ഉറച്ചുനിന്നതോടെ ടോക്യോ ഉണര്‍ന്നു. രണ്ടാംതവണയാണ് ജപ്പാനില്‍ ഒളിമ്പിക്സ്. 1964ലായിരുന്നു ആദ്യം. കോവിഡ് കാരണം നിരവധി താരങ്ങളും ചില രാജ്യങ്ങളും വിട്ടുനില്‍ക്കുന്നു. ഉത്തരകൊറിയ ആദ്യം പിന്മാറി. ആഫ്രിക്കന്‍ രാജ്യമായ ഗിനിയയും പിന്മാറുമെന്ന് അറിയിച്ചു.അമേരിക്കയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. വെല്ലുവിളി ഉയര്‍ത്തി ചൈനയും ബ്രിട്ടനുമുണ്ട്. ആതിഥേയരായ ജപ്പാനും കടുത്ത പോരാട്ടം പുറത്തെടുക്കും. ഇതിഹാസതാരങ്ങളായ യുസൈന്‍ ബോള്‍ട്ടും മൈക്കേല്‍ ഫെല്‍പ്സും കളംവിട്ടശേഷമുള്ള ആദ്യമേളയാണിത്. സിമോണി ബൈല്‍സ്, കാലെബ് ഡ്രെസെല്‍, ഷെല്ലി ആന്‍ഫ്രേസര്‍ പ്രൈസി തുടങ്ങിയ ലോകോത്തര താരങ്ങളായിരിക്കും മേളയുടെ ആകര്‍ഷണം. അത്ലറ്റിക്സും നീന്തലുമാണ് ആവേശ ഇനങ്ങള്‍. അത്ലറ്റിക്സ് 30ന് തുടക്കമാകും. അഭയാര്‍ഥി അത്ലീറ്റുകളും മേളയിലുണ്ട്. ഇന്ത്യക്ക് 127 കായികതാരങ്ങളുണ്ട്. ഒമ്പതു മലയാളിതാരങ്ങളും ഉള്‍പ്പെടും. ഷൂട്ടിങ്ങിലും ഹോക്കിയിലും മെഡല്‍ പ്രതീക്ഷയുണ്ട്. ഫുട്ബോള്‍, സോഫ്റ്റ്ബോള്‍ മത്സരം തുടങ്ങി. പുരുഷ ഫുട്ബോളില്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ ജര്‍മനിയെ 4-2ന് തോല്‍പ്പിച്ചു. അര്‍ജന്റീനയും ഫ്രാന്‍സും തോറ്റു.