ശബ്ദസാംപിള്‍ പരിശോധിച്ചു; വിഐപി ശരത് തന്നെ

Advertisement

Advertisement

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ അജ്ഞാതന്‍ ആലുവ സ്വദേശി ശരത് ജി. നായരെന്നു സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. ഇയാളുടെ ശബ്ദ സാംപിള്‍ പരിശോധിച്ചാണ് അന്വേഷണ സംഘം ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്. ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചിത്രം കണ്ടു സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇയാളുടെ ശബ്ദ പരിശോധന നടത്തി സ്ഥിരീകരിച്ചത്. നേരത്തെ ചില ചിത്രങ്ങള്‍ കാണിച്ചതില്‍ ദിലീപിന്റെ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായ ശരത്തിന്റെയും കോട്ടയം സ്വദേശി മെഹ്ബൂബിന്റെയും ചിത്രങ്ങളില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ കൂടുതല്‍ സാധ്യത കല്‍പിച്ച മെഹ്ബൂബിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെ ആരോപണം നിഷേധിച്ച് അദ്ദേഹം ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ശബ്ദവുമായി ഒത്തു നോക്കി അത് മെഹ്ബൂബല്ല എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. സംശയ നിഴലിലുണ്ടായിരുന്ന ശരത്തുമായി ഫോണില്‍ സംസാരിച്ച് ശബ്ദ സാംപിള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാള്‍ ഫോണ്‍ പ്രവര്‍ത്തന രഹിതമാക്കി മുങ്ങിയതാണ് അന്വേഷണത്തിനു വിലങ്ങു തടിയായത്. ഇതിനിടെ മറ്റു വഴികളില്‍ ശബ്ദസാംപിള്‍ ശേഖരിച്ചാണ് പൊലീസ് വിഐപി ശരത്താണെന്ന് ഉറപ്പിച്ചിരിക്കുന്നത്. നേരത്തെ ബാലചന്ദ്രകുമാര്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ ശരത് എന്ന പേര് പരാമര്‍ശിച്ചിരുന്നെങ്കിലും സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല.