സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതി തീവ്ര മഴയ്ക്ക് സാധ്യത; ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയെന്ന് കാലാവസ്ഥാ വകുപ്പ്; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

Advertisement

Advertisement

 

 

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതി തീവ്ര മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പ് ഉണ്ട്. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഇടിയോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.ഇന്ന് ആറു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.