യാക്കോബായ സഭയിലെ കാലം ചെയ്ത അഭിവന്ദ്യ മോര്‍ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം മേഖലയില്‍ ദേവാലയങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചു.

Advertisement

Advertisement

യാക്കോബായ സഭയിലെ കാലം ചെയ്ത അഭിവന്ദ്യ മോര്‍ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം മേഖലയില്‍ ദേവാലയങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചു. നിരവധി പേരാണ് പിതാവിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലാണ് ആദ്യം പൊതുദര്‍ശനത്തിന് വെച്ചത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ അവസാനമായി കാണുവാന്‍ നൊമ്പരത്തോടെ കാത്തു നിന്നു. കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് ഇ എസ് രേഷ്മ ടീച്ചര്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് മണികണ്ഠന്‍, പഞ്ചായത്തംഗം രാജി സോമന്‍, കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ ലെബീബ് ഹസ്സന്‍, ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളി വികാരി ഫാ. സിജി മാത്യു, മലബാര്‍ സ്വതന്ത്ര സുറിയാനി സഭയ്ക്ക് വേണ്ടി ഫാ. വര്‍ഗ്ഗീസ് വാഴപ്പുള്ളി, ഫാ. പ്രിന്‍സ് കോലാടി, മര്‍ത്തോമ സഭ ഭാരവാഹികള്‍, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ക്ലിമീസ് മെത്രാപ്പോലീത്തായുടെയും ഡല്‍ഹി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെയും കാര്‍മ്മികത്വത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ചു. ംപിതാവിന്റെ ഭൗതീക ശരീരം പുരോഹിതര്‍ വഹിച്ചുകൊണ്ട് മദ്ബഹായിലേക്ക് പ്രവേശിപ്പിക്കുകയും ഇടവക പള്ളിയോടും ജന്മദേശത്തോടുമുള്ള വിടവാങ്ങല്‍ ശുശ്രൂഷ നടത്തുകയും ചെയ്തു. ദേശവാസികള്‍ ഒന്നടങ്കം അഭിവന്ദ്യ പിതാവെ സമാധാനത്തോടെ പോവുക എന്ന യാത്രാമൊഴി ചൊല്ലി. ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ബിന്‍സന്‍ ബാബു മന്നാലിക്കുടി, ഭദ്രാസന സെക്രട്ടറി ഫാ. ജെയ്‌സണ്‍ ജോണ്‍, ഇടവകാംഗം ഫാ. വികാസ് വടക്കന്‍, ഫാ. ജയേഷ് പുലിക്കോട്ടില്‍, ട്രസ്റ്റി സുനില്‍ സി സൈമണ്‍, സെക്രട്ടറി ഷൈജു ഡേവിഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. പെങ്ങാമുക്ക് പള്ളിയില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അര്‍ദ്ധരാത്രിയോടെ ചാലിശേരിയിലെത്തിയത്. യെല്‍ദോ മോര്‍ ബസേലിയോസ് ചാപ്പലില്‍ തൃശൂര്‍ ഭദ്രസനാധിപന്‍ ഡോ കുരിയാക്കോസ് മോര്‍ ക്ലീമീസ് മെത്രാപ്പോലീത്ത ധൂപാര്‍പ്പണം നടത്തി. വികാരി ഫാ.റെജികൂഴിക്കാട്ടില്‍ , ട്രസ്റ്റി സി.യു. ശലമോന്‍ , സെക്രടറി പി.സി. താരുകുട്ടി എന്നിവര്‍ ചേര്‍ന്ന് ഇടവകക്കു വേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാത്രി ഏറെ നേരം വൈകിയിട്ടും ഭദ്രാസനത്തിലെ നിരവധി വൈദീകരും നൂറുകണക്കിന് വിശ്വാസികളുമുള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു