പുലിമടകളുണര്‍ന്നു; നഗരം കാത്തിരിക്കുന്നു

Advertisement

Advertisement

തൃശൂര്‍ നഗരത്തെ ആവേശത്തില്‍ ആറാടിക്കാന്‍ സ്വരാജ് റൗണ്ടില്‍ ഇന്ന് പുലികള്‍ ഇറങ്ങും. പുലി കളിക്കുള്ള ഒരുക്കങ്ങള്‍ രാവിലെ അഞ്ചു മണിക്ക് തന്നെ തുടങ്ങി. മെയ്യെഴുത്ത് ആരംഭിച്ചു. വിയ്യൂര്‍ ദേശമാണ് ആദ്യം മെയ്യെഴുത്ത് ആരംഭിച്ചത് . വൈകീട്ട് നാലരയോടെയാണ് പുലിക്കളി ആരംഭിക്കുക. വിയ്യൂര്‍ ദേശത്തിന് പിന്നാലെ കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ എന്നിവിടങ്ങളിലും പുലിമെയ്യെഴുത്ത് തുടങ്ങി. അഞ്ചു സംഘങ്ങളിലായി 250 പുലി കലാകാരന്മാരാണ് ഇത്തവണ സ്വരാജ് റൗണ്ട് കീഴടക്കാന്‍ ഇറങ്ങുക. ഒരു സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാവും. നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ചാണ് പുലിക്കളി തുടങ്ങുക. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ മാറ്റി വെക്കുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന പുലിക്കളി സംഘങ്ങളുടെ അഭിപ്രായവും നടന്നുവരുന്ന പരിപാടികള്‍ തുടരാമെന്ന സര്‍ക്കാര്‍ നിര്‍ദേശവും കണക്കിലെടുത്താണ് പുലിക്കളി ഇന്ന് തന്നെ നടത്താന്‍ തീരുമാനിച്ചത്. മന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 50,000 രൂപ, 40,000 രൂപ, 35,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. വിജയികള്‍ക്ക് ഏഴടി ഉയരമുള്ള ട്രോഫിയും നല്‍കും. മികച്ച പുലിക്കൊട്ടിനും പുലിവേഷത്തിനും സമ്മാനങ്ങള്‍ വേറെയുമുണ്ട്.