ട്രെയിൻ എവിടെയെത്തിയെന്ന് ഇനി ‘തത്സമയം’ അറിയാം

Advertisement

Advertisement

ട്രെയിൻ ഏതു സ്റ്റേഷനിലെത്തി എന്ന് യാത്രക്കാരെ തത്സമയം അറിയാൻ ഇനി ‘ലൈവ് ലൊക്കേഷൻ’. രാജ്യത്ത് 2700 ട്രെയിനുകളിലാണ് ‘റിയൽ ടൈം ട്രെയിൻ ഇൻഫർമേഷൻ സിസ്റ്റം’ (ആർടിഐഎസ്) ഏർപ്പെടുത്തിയത്. നിലവിൽ ഓരോ സ്റ്റേഷനിലും ട്രെയിൻ എത്തുമ്പോഴും പുറപ്പെടുമ്പോഴും സ്റ്റേഷൻ മാസ്റ്റർ ഡിവിഷനിലെ കൺട്രോൾ സെന്ററിൽ അറിയിക്കുകയും അവിടെ നിന്ന് അപ്‌ഡേറ്റ് ചെയ്യുകയുമാണ്.
ആർടിഐഎസ് സംവിധാനത്തിൽ ട്രെയിനുകളിൽ സ്ഥാപിച്ചിരിക്കുന്ന ഔട്ട്‌ഡോർ യൂണിറ്റിൽ നിന്ന് ഓരോ 30 സെക്കൻഡിലും ട്രെയിനിന്റെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ സ്വയം കൺട്രോൾ ഓഫിസ് ആപ്ലിക്കേഷനിൽ (സിഒഎ) അപ്‌ലോഡ് ചെയ്യും. യാത്രക്കാർക്കു നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) മുഖേന അപ്പപ്പോൾ വിവരങ്ങൾ അറിയാൻ കഴിയും. ട്രെയിൻ ഓരോ സ്റ്റേഷനിലും എത്തുന്നതും പുറപ്പെടുന്നതും എവിടെ വരെ എത്തി എന്നതും ട്രെയിനിന്റെ വേഗവും വരെ ആർടിഐഎസിൽ ലഭിക്കുമെന്നു റെയിൽവേ പറയുന്നു. 21 ഇലക്ട്രിക് ലോക്കോ ഷെഡുകളിലായി 2700 ട്രെയിനുകളിൽ ആർടിഐഎസ് ഇൻസ്റ്റാൾ ചെയ്തു.
രണ്ടാം ഘട്ടത്തിൽ 50 ലോക്കോ ഷെഡുകളിലെ 6000 ട്രെയിനുകളിലാണ് ഇനി ചെയ്യാനുള്ളത്. ഐഎസ്ആർഒയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത സംവിധാനം ഐഎസ്ആർഒയുടെ സാറ്റ്‌കോം ഹബ് മുഖേനയാണു പ്രവർത്തിക്കുന്നത്.