വീട്ടുകാരറിയാതെ 10 മണിക്കൂർ യാത്ര ചെയ്തെത്തിയ വിദ്യാർത്ഥിയെ സങ്കടം കേട്ട് അശ്വസിപ്പിച്ച് മുഖ്യമന്ത്രി; വിഷമത്തിന് പരിഹാരമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി, വീട്ടുകാർ അറിയാതെ ഒരിടത്തും പോവരുതെന്ന് ഉപദേശം, മുഖ്യമന്ത്രിയെ നേരിൽ കണ്ട സന്തോഷത്തിൽ ദേവാനന്ദ്

Advertisement

Advertisement

വീട്ടുകാരറിയാതെ മുഖ്യമന്ത്രിയോട് സങ്കടം പറയാനെത്തിയ 16കാരനെ നേരിൽ വിളിപ്പിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി. കോഴിക്കോട് കുറ്റ്യാടി കാക്കുനി സ്വദേശിയായ ദേവനന്ദന്‍ ആണ് മുഖ്യമന്ത്രിയെ കാണാനായി സാഹസിക യാത്ര നടത്തി തലസ്ഥാനത്തെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ വടകരയില്‍ നിന്ന് ഏറനാട് എക്‌സ്പ്രസില്‍ കയറിയ ദേവനന്ദന്‍ രാത്രി 9 മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരില്‍ നിന്ന് ഓട്ടോയില്‍ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണം എന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പോലീസുകാരോട് ആവശ്യപ്പെട്ടു. സംശയം തോന്നിയ പോലീസുകാര്‍ കുട്ടിയെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. രാത്രി ഭക്ഷണം വാങ്ങി നല്‍കിയ പോലീസ് കുട്ടി സുരക്ഷിതനാണെന്ന് പിതാവ് തറക്കണ്ടി രാജീവനെ അറിയിച്ചു. പരിഭ്രാന്തരായി ഇരിക്കുകയായിരുന്ന രക്ഷിതാക്കാള്‍ക്ക് പോലീസിന്റെ സന്ദേശം ആശ്വാസം നല്‍കി. രാവിലെ രാജീവന്‍ മ്യൂസിയം സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാനായിരുന്നു ഒളിച്ചോട്ടമെന്ന് പറഞ്ഞതോടെ പോലീസ് വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. സംഭവമറിഞ്ഞ മുഖ്യമന്ത്രി ദേവനന്ദനെയും പിതാവ് രാജീവനേയും ചേംബറിലേക്ക് വിളിപ്പിച്ചു. വീട്ടുകാര്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പണം പലിശക്ക് വാങ്ങിയെന്നും അതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ അവര്‍ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു ദേവനന്ദന്റെ പരാതി. കാര്യങ്ങള്‍ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി വീട്ടുകാരോട് പറയാതെ യാത്ര ചെയ്തതിന് വിദ്യാര്‍ത്ഥിയെ സ്‌നേഹത്തോടെ ഉപദേശിച്ചു. ഇനി വീട്ടുകാരോട് പറയാതെ എവിടെയും പോകരുത് എന്ന് നിര്‍ദേശിച്ച ശേഷം ഇരുവരേയും യാത്രയാക്കി . ദേവനന്ദന്‍ ഉന്നയിച്ച പരാതിയില്‍ സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശവും നല്‍കി.തന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറായതോടെ യാത്രയുടെ ഉദ്ദേശം സഫലീകരിച്ച സന്തോഷത്തിലാണ് ദേവനന്ദന്‍. ആവള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ്.