500 ഏക്കര്‍ പാടശേഖരത്തിലെ വരള്‍ച്ച തടയാന്‍ തോട് നവീകരണം നടത്തണമെന്ന കര്‍ഷകരുടെ ആവശ്യം ഇനിയും നടപ്പായില്ല

Advertisement

Advertisement

തൃശൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ഉള്‍പ്പെട്ട 500 ഏക്കര്‍ പാടശേഖരത്തിലെ വരള്‍ച്ച തടയാന്‍ തോട് നവീകരണം നടത്തണമെന്ന കര്‍ഷകരുടെ ആവശ്യം ഇനിയും നടപ്പായില്ല. കൃഷി രക്ഷിക്കാന്‍ വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ഫെബ്രുവരിയില്‍ അറുപതോളം കര്‍ഷകര്‍ തോട്ടിലിറങ്ങി നില്‍പ്പു സമരം ചെയ്തിരുന്നു.തോട് നവീകരണമായിരുന്നു അന്ന് പ്രധാന ആവശ്യമായി ഉന്നയിച്ചത്. എ.സി.മൊയ്തീന്‍ എംഎല്‍എ, പി.നന്ദകുമാര്‍ എംഎല്‍എ എന്നിവര്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പാണു പാഴാകുന്നത്. കടവല്ലൂര്‍, കാട്ടകാമ്പാല്‍, നന്നംമുക്ക്, ആലങ്കോട്, ചാലിശ്ശേരി എന്നീ 5 പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട 13 കിലോ മീറ്റര്‍ തോട് നവീകരിക്കുമെന്നായിരുന്ന വാഗ്ദാനം. സര്‍വേ നടത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നവീകരണം ഇതു വരെ യാഥാര്‍ത്ഥ്യമായില്ല. പുതിയ കൃഷി സീസണ്‍ തുടങ്ങിയതിനാല്‍ ഇക്കൊല്ലം പണികള്‍ തുടങ്ങാന്‍ സാധ്യതയില്ല. 3 ജില്ലകളിലൂടെ ഒഴുകുന്ന നൂറടി തോടിന്റെ ചില ഭാഗങ്ങളും അതിനോടു ചേര്‍ന്ന ഒട്ടേറെ ചെറു തോടുകളുമാണ് ശോച്യാവസ്ഥയിലുള്ളത്. ആഴവും വീതിയും കൂട്ടി ജലസംഭരണ ശേഷി കൂട്ടണമെന്നാണ് ആവശ്യം. കര്‍ഷകര്‍ സ്വയം പണം മുടക്കി 3 കിലോ മീറ്ററോളം തോട് താല്‍ക്കാലികമായി ആഴം കൂട്ടിയിരുന്നു. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നവീകരണമാണു ഇവര്‍ ആവശ്യപ്പെടുന്നത്. കാലവര്‍ഷം പ്രതീക്ഷിച്ച പോലെ പെയ്യാത്തത് വരള്‍ച്ച വേഗത്തിലാക്കുമെന്നു കര്‍ഷകര്‍ പറയുന്നു. തുലാവര്‍ഷത്തില്‍ പെയ്യുന്ന മഴ സംഭരിച്ചു നിര്‍ത്തിയാലെ മുണ്ടകന്‍ കൃഷിക്ക് ആവശ്യത്തിനു വെള്ളം ലഭിക്കൂ. വെയില്‍ കനത്തതോടെ കണ്ടങ്ങളിലെ ജലനിരപ്പ് പല സ്ഥലങ്ങളിലും താഴ്ന്നു തുടങ്ങിയിട്ടുണ്ട്. നടീല്‍ സമയത്തു വേണ്ട വെള്ളത്തിനു മുന്‍പില്ലാത്ത വിധം പമ്പിങ് നടത്തേണ്ട അവസ്ഥയുമുണ്ട്.