കോടിയേരിക്ക് വിട നല്‍കി രാഷ്ട്രീയ കേരളം; സഖാവിന് പയ്യാമ്പലത്ത് അന്ത്യനിദ്ര

Advertisement

Advertisement

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് വിട നല്‍കി കേരളം. സംസ്‌കാരം പയ്യാമ്പലം കടപ്പുറത്ത് നടന്നു. മക്കളായ ബിനീഷും ബിനോയിയും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി. മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരുന്നത്. നേരത്തെ കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനുമായി കണ്ണൂരിലെ വീട്ടിലേക്ക് എത്തിയത് ആയിരങ്ങളാണ്. പിന്നാലെ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. രണ്ട് മണിവരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള വിലാപയാത്രക്കിടെ ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും എംഎ ബേബി, ഗോവിന്ദന്‍മാസ്റ്റര്‍ തുടങ്ങിയവരും ഉള്‍പ്പെട്ട നേതാക്കളും പതിനായിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരും തങ്ങളുടെ പ്രിയനേതാവിനോടുള്ള ആദരവ് വെളിപ്പെടുത്തുംവിധം പയ്യാമ്പലത്തേക്ക് കാല്‍നടയായാണ് വിലാപയാത്രയെ അനുഗമിച്ചത്. യെച്ചൂരിയും പിണറായിയും ഉള്‍പ്പെട്ട നേതാക്കള്‍ മൃതദേഹം വഹിക്കുകയും ചെയ്തു. നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്കും അന്ത്യനിദ്ര ഒരുക്കിയത്. സംസ്‌ക്കാരത്തിന് ശേഷം അനുശോചന യോഗം ചേരും.