ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നവര്‍ക്ക് കഠിന തടവും പിഴയും

Advertisement

Advertisement

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നവര്‍ക്ക് കഠിന തടവും പിഴയും. ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ലില്‍ തൈപ്പറമ്പില്‍ മൊയ്തുട്ടി മകന്‍ 23 വയസ്സുള്ള മുബിന്‍, എടക്കഴിയൂര്‍ നാലാം കല്ലില്‍ താമസിക്കുന്ന പുളിക്ക വീട്ടില്‍ സിദ്ദിഖ് മകന്‍ 26 വയസ്സുള്ള നസീര്‍ എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി 9 കൊല്ലം കഠിന തടവിനും 30,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം . ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ എടക്കഴിയൂര്‍ നാലാംകല്ലില്‍ കറുപ്പം വീട്ടില്‍ ഹനീഫ മകന്‍ 18 വയസ്സുള്ള ബിലാലും നാലാം കല്ല് സ്വദേശി കളായ പണിച്ചാംകുളങ്ങര അഷ്‌റഫ് മകന്‍ 23 വയസ്സുള്ള സാദിഖ്, മനയത്ത് അബൂബക്കര്‍ മകന്‍ 21 വയസ്സുള്ള നഹാസ് എന്നിവര്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒന്നാം പ്രതിയായ മുബിന്‍ രണ്ടാംപ്രതി ഷാഫി മൂന്നാം പ്രതി നസീര്‍ എന്നിവര്‍ വാളും ഇരുമ്പ് പൈപ്പുമായി ബൈക്കില്‍ വന്ന് ബിലാലിനെ വെട്ടുകയും അടിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ബിലാലും മൂന്നാം പ്രതിയായ നസീറും ആയി മുമ്പ് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിലാല്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ആദ്യം ഇരുമ്പ് പൈപ്പ് കൊണ്ട് ബിലാലിന്റെ കാലില്‍ അടിച്ചു വീഴ്ത്തുകയും വീണ്ടും അടിച്ച അടി തടുത്ത് ബിലാല്‍ ഓടാന്‍ ശ്രമിച്ചപ്പോള്‍ മുബീന്‍ കൈവശം ഉണ്ടായിരുന്ന വാളുകൊണ്ട് ബിലാലിന്റെ വലതു കാല്‍മുട്ടിലും ഇടതുകാലിന്റെ തുടയിലും ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകയായിരുന്നു. സംഭവം കണ്ട് ഓടികൂടിയവരെ പ്രതികള്‍ വാള്‍ വീശി വിരട്ടിയോടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുകൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടത്. കേസിലെ രണ്ടാംപ്രതി ഷാഫി ഒളിവിലാണ്. ഒന്നാം പ്രതി മുബിന്‍ പുന്ന നൗഷാദ് കൊലപാതക കേസിലെ ഒന്നാം പ്രതിയാണ്. ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ എ ജെ ജോണ്‍സണ്‍ ,പി അബ്ദുല്‍ മുനീര്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പിഴ സംഖ്യ മുഴുവന്‍ പരിക്ക് പറ്റിയ ബിലാലിന് നല്‍കാന്‍ വിധിയില്‍ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് കെ.ആര്‍. രജിത്കുമാര്‍ ഹാജരായി.