പുതിയ ഒമിക്രോൺ വകഭേദം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

Advertisement

Advertisement

മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചവരിൽ പുതിയ ഒമിക്രോൺ വകഭേദം കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. ബി.ക്യു.-1 എന്ന പുതിയ വകഭേദം അതിവേഗം പടരുന്നതാണെന്നും സൂക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇതേക്കുറിച്ച് പഠനം നടന്നുവരുകയാണെന്ന് വൈറസിന്റെ ജനിതകമാറ്റം പഠിക്കുന്ന സംഘത്തിന്റെ കോ-ഓർഡിനേറ്റർ ഡോ. രാജേഷ് കാര്യകർത്തെ പറഞ്ഞു.
പുണെയിൽനിന്നുള്ള രോഗികളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. നേരത്തേ ഒമിക്രോൺ ബി.എ. 2.75 ഉപവകഭേദമാണ് കൂടുതൽ പേരിലും കണ്ടിരുന്നത്. ഇപ്പോഴിത് 95 ശതമാനത്തിൽനിന്ന് 75 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം എക്സ്.എക്സ്.ബി. എന്ന ഉപവകഭേദമാണ് കൂടുതൽ പടരുന്നത്. അതിനിടയിലാണ് ഇന്ത്യയിലാദ്യമായി ബി.ക്യു.-1 എന്ന ഉപവകഭേദം കണ്ടെത്തിയത്. ‘‘ജലദോഷപ്പനിപോലെ എന്തെങ്കിലും വന്നാൽ ഡോക്ടറെ കാണാതിരിക്കരുത്. ഗുരുതരമായ മറ്റ് രോഗമുള്ളവർ സൂക്ഷിക്കണം. പൊതു ഇടങ്ങളിൽ പോകുമ്പോൾ മുൻകരുതലെടുക്കണം.’’ – ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.