ചുരംവഴിയുള്ള ട്രെയ്‌ലറുകളുടെ തുടർയാത്ര വിജയം

Advertisement

Advertisement

താമരശ്ശേരി ചുരംവഴിയുള്ള ട്രെയ്‌ലറുകളുടെ തുടർയാത്ര വിജയം. വെള്ളിയാഴ്ച പുലർച്ചെ 2.10-ഓടെ ഇരുട്രെയ്‌ലറുകളും ചുരംകയറി.

ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതിനാൽ വിജനമായിക്കിടന്ന ദേശീയപാതയിലേക്കാണ് വ്യാഴാഴ്ച രാത്രി രണ്ടു ട്രെയ്‌ലറുകളും പ്രവേശിച്ചത്. ജില്ലാഭരണകൂടത്തിന്റെ മേൽനോട്ടത്തിലുള്ള വിദഗ്ധസമിതിയുടെ നേതൃത്വത്തിലായിരുന്നു യാത്രാദൗത്യം. മൂന്നുമാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ട ട്രെയ്‌ലറുകളുടെ തുടർയാത്രയ്ക്ക് സാക്ഷ്യംവഹിക്കാൻ വൻ ജനാവലിയാണ് എത്തിയത്.

മുന്നിലും പിറകിലുമായി മൂന്ന് ക്രെയ്‌നുകൾ, ഐ.സി.യു. സംവിധാനമുള്ള ആംബുലൻസുകൾ, മുക്കം അഗ്നിരക്ഷാസേനയുടെ ഒരു ഫയർടെൻഡർ, ഫോക്കസ് ലൈറ്റുകൾ ഇരുവശങ്ങളിലും ഘടിപ്പിച്ച ഗുഡ്സ് ഓട്ടോ, ജനറേറ്റർ വഹിച്ചുള്ള പിക്കപ്പ് വാൻ, പോലീസ്-ആർ.ടി.ഒ.-ഫോറസ്റ്റ്-പി.ഡബ്ല്യു.ഡി. അധികൃതരുടെ വാഹനങ്ങൾ, ചുരംസംരക്ഷണസമിതി പ്രവർത്തകർ, നാട്ടുകാർ എന്നിവർ ട്രെയ്‌ലറുകൾക്ക് അകമ്പടിയായി.

അടിവാരംമുതൽ ഒന്നാംവളവുവരെയുള്ള ഭാഗത്ത് റോഡിനുകുറുകെ താഴ്ന്നുകിടക്കുന്ന വൈദ്യുതലൈനുകൾ തൊഴിലാളികൾ മുളങ്കമ്പുകൊണ്ട് കുത്തി ഉയർത്തിയശേഷമാണ് ട്രെയ്‌ലറുകൾ യാത്ര തുടർന്നത്.

താമരശ്ശേരി തഹസിൽദാർ സി. സുബൈർ, താമരശ്ശേരി ഡിവൈ.എസ്.പി. അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ പോലീസ്, കനലാട് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. സജീവ് കുമാറിന്റെ നേതൃത്വത്തിൽ വനപാലകർ, അസി. സ്റ്റേഷൻ ഓഫീസർ സി.കെ. മുരളീധരന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാസേനാംഗങ്ങൾ, അടിവാരം-വയനാട് ചുരം സംരക്ഷണസമിതി പ്രവർത്തകർ തുടങ്ങിയവരെല്ലാം യാത്രാദൗത്യത്തിന്റെ ഭാഗമായി. ആർ.ടി.ഒ. എൻഫോഴ്സ്‌മെൻറ് അധികൃതർ, പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം, ചുരം സംരക്ഷണസമിതി പ്രസിഡന്റ് വി.കെ. മൊയ്തു മുട്ടായി, ജനറൽ സെക്രട്ടറി പി.കെ. സുകുമാരൻ തുടങ്ങിയവരും ട്രെയ്‌ലറുകളുടെ തുടർയാത്രയ്ക്ക്‌ സൗകര്യമൊരുക്കി.

ജില്ലയിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനായുള്ള അനുമതിക്കായി കമ്പനി അധികൃതർ സമീപിച്ചിട്ടില്ലെന്നും എന്നാൽ എന്തെങ്കിലും സാങ്കേതികപ്രയാസങ്ങൾ നേരിട്ടാൽ ജില്ലയിൽ ഈ വാഹനങ്ങൾ നിർത്തിയിടാനാവുന്ന സ്ഥലങ്ങൾ പരിശോധിക്കുന്നുണ്ടെന്നും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എൻ.ഒ. സിബി പറഞ്ഞു. എൻ.ഒ. സിബിയുടെ നേതൃത്വത്തിലാണ് ജില്ലയിൽ കൂറ്റൻയന്ത്രങ്ങൾ കടന്നുപോകുന്നത് പരിശോധിക്കുന്നത്.