ചൂണ്ടല്‍ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നു; നിര്‍മ്മാണോദ്ഘാടനം നാളെ

Advertisement

Advertisement

ചൂണ്ടല്‍ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ശനിയാഴ്ച്ച നടക്കും. ചിറനെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിലാണ് പൊതു ആരോഗ്യ വിഭാഗത്തിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. എം.എല്‍.എ ഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഏ.വി. വല്ലഭന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.എ.മുഹമ്മദ് ഷാഫി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ വി.പി.ലീല, ഹസനുല്‍ ബന്ന, സുനിത ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി പി.എ.ഷൈല, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ചൂണ്ടല്‍ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.