മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കും

Advertisement

Advertisement

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരാണ് നട തുറക്കുക. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്ര നട തുറക്കാന്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നല്‍കി യാത്രയാക്കും. മേല്‍ശാന്തിയുടെ താൽക്കാലിക ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണന്‍ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിക്കും. അതിനു ശേഷമാവും തീർത്ഥാടകരെ പതിനെട്ടാംപടി കയറ്റി വിടുക.നാളെ പ്രത്യേക പൂജകളുണ്ടാകില്ല. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാവും തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിടുക. ശബരിമല ഡ്യൂട്ടിക്കുള്ള പുതിയ പൊലീസ് സേന ഇന്ന് വൈകിട്ടോടെ ചുമതലയേൽക്കും. മകരവിളക്ക് തീര്‍ഥാടന കാലത്തെ പൂജകള്‍ 31ന് പുലര്‍ച്ചെ 3ന് നിര്‍മാല്യത്തിനു ശേഷം ആരംഭിക്കും.ജനുവരി 14നാണ് മകരവിളക്ക്. എരുമേലി പേട്ട തുള്ളല്‍ ജനുവരി 11ന് നടക്കും. 12 ന് പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത പുറപ്പെടും. 13ന് പമ്പ വിളക്ക്, പമ്പ സദ്യ എന്നിവ നടക്കും. മകരവിളക്ക് കാലത്തെ നെയ്യഭിഷേകം 18ന് പൂര്‍ത്തിയാക്കും. 19ന് തീര്‍ഥാടനത്തിനു സമാപനം കുറിച്ച് മാളികപ്പുറത്ത് ഗുരുതി നടക്കും.20ന് പന്തളം രാജ പ്രതിനിധിയുടെ ദർശനത്തിനു ശേഷം രാവിലെ 7ന് നട അടക്കും. മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.