കടങ്ങോട് ഖാദര്‍പ്പടിയില്‍ വീടുകള്‍ക്ക് നേരെ കല്ലേറ്.

Advertisement

Advertisement

കടങ്ങോട് ഖാദര്‍പ്പടിയില്‍ വീടുകള്‍ക്ക് നേരെ കല്ലേറ്. രാത്രിയിലാണ് അജ്ഞാതന്‍ കല്ലേറ് നടത്തുന്നത്. ആളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.
കുന്നത്തുള്ളി പീടികയില്‍ ഹനീഫ, കള്ളിവളപ്പില്‍ അന്‍വര്‍ എന്നിവരുടെ വീടുകളിലേക്കാണ് ഒരാഴ്ചയായി അജ്ഞാതന്‍ കല്ലേറ് നടത്തുന്നു. ആദ്യം കല്ലേറ് നടന്നത് ഹനീഫയുടെ ഓടിട്ട വീടിന് നേരെയാണ് ജനുവരി 27-ാം തിയ്യതി വ്യാഴാഴ്ച രാത്രി 9.30 നായിരുന്നു ആക്രമണം. കല്ലേറില്‍ വീടിന്റെ മേല്‍ക്കൂരയുടെ ഓട് പൊട്ടി കല്ല് അടുക്കളയിലെ കറി പാത്രത്തില്‍ വീണു. വീട്ടുകാര്‍ പുറത്തിറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്ച രാത്രി 9.30 ന് വീണ്ടും കല്ലേറ് നടത്തി മേല്‍ക്കൂരയുടെ ഓട് തകര്‍ത്തു. പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ജനുവരി 30 -ാം തിയ്യതി തിങ്കളാഴ്ച രാത്രി 7.30 നും ചൊവ്വാഴ്ച രാത്രി 7 മണിക്കുമാണ് തൊട്ടടുത്തുള്ള അന്‍വറിന്റെ വീടിന് നേരെ കല്ലേറ് നടന്നത്. ആക്രമണത്തില്‍ വാര്‍പ്പ് വീടിന്റെ ജനല്‍ ചില്ലുകകള്‍ തകരുകയും സണ്‍ ഷെയ്ഡ് പൊട്ടുകയും ചെയ്തു. ഒരു കല്ല് എയര്‍ ഹോളിലൂടെ കടന്ന് അടുക്കളയുടെ റാക്കിന് മുകളില്‍ വീണു. തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി പരിസരവാസികള്‍ ആളെ കണ്ടെത്താന്‍ കാവലിരിക്കുന്നുണ്ട്. ഇതിനിടയിലാണ് ഇന്നലെ രാത്രി 8.30 ഓടെ ഹനീഫയുടെ വീടിന് നേരെ വീണ്ടും കല്ലേറ് നടന്നത് (ബൈറ്റ് ) അന്‍വറിന്റെ വീട്ടില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അതു കൊണ്ടാണ് ഈ വീടിന് നേരെ ആക്രമണം നടത്താതെ വീണ്ടും ഹനീഫയുടെ വീടിന് നേരെ കല്ലേറ് നടത്തിയതെന്ന് കരുതുന്നു. നാട്ടുകാര്‍ കാവലിരിക്കുമ്പോള്‍ ആളുകളും ക്യാമറയും ഇല്ലാത്ത സ്ഥലം കൃത്യമായി മനസിലാക്കിയാണ് കല്ലേറ് നടത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ പരിസരത്തെ കുറിച്ച് വ്യക്തമായി അറിയുന്നവരാണ് ആക്രമികളെന്നാണ് നിഗമനം. കഴിഞ്ഞ ഒരാഴ്ചയായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഭയപ്പെട്ടാണ് വീടുകളില്‍ കഴിയുന്നത്. സംഭവത്തെ ഗൗരവത്തോടെ കണ്ട് പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് മെമ്പര്‍ സി.വി സുഭാഷും നാട്ടുകാരും ആവശ്യപ്പെട്ടു.