ബജറ്റ് പ്രഖ്യാപനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേന്ദ്രമന്ത്രിമാര്‍; ഇന്നും നാളെയും വിവിധ സംസ്ഥാനങ്ങളിലെത്തും

Advertisement

Advertisement

 

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ഇന്ന് വിവിധ സംസ്ഥാനങ്ങളിലെത്തും. ഇന്നും നാളെയുമായി വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ മന്ത്രിമാരും ബിജെപി നേതാക്കളും ബജറ്റിലെ പ്രഖ്യാപനങ്ങളും പദ്ധതികള്‍ ഉപയോഗപ്പെടുത്തേണ്ടതിനെ കുറിച്ചും വിശദീകരിക്കും. ടൂറിസം മന്ത്രി കിഷന്‍ റെഡ്ഡിയാണ് കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍ കര്‍ണാടകയിലും, രാജീവ് ചന്ദ്രശേഖര്‍ തമിഴ്‌നാട്ടിലും പ്രചാരണത്തിനെത്തും. പന്ത്രണ്ട് വരെയാണ് ബിജെപിയുടെ രാജ്യവ്യാപക ബജറ്റ് പ്രചാരണം.മധ്യവര്‍ഗത്തിന് നിര്‍ണായക സ്വാധീനമുള്ള രാജസ്ഥാന്‍, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പടുക്കവേയാണ് ബിജെപിയുടെ നീക്കം. ബജറ്റില്‍ പ്രതീക്ഷിച്ചത്ര ആനുകൂല്യങ്ങള്‍ കിട്ടിയില്ലെന്ന് പാര്‍ട്ടിക്കകത്തെ നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്. എന്നാലും ബജറ്റ് പ്രഖ്യാപനങ്ങള്‍ പരമാവധി ജനങ്ങളിലേക്കെത്തിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. 50 പ്രധാന നഗരങ്ങളില്‍ ഒരു കേന്ദ്രമന്ത്രിയും ഒരു മുതിര്‍ന്ന നേതാവും എത്തി ബജറ്റിനെ പറ്റിയും കേന്ദ്ര പദ്ധതികള്‍ ഉപയോഗപ്പെടുത്തേണ്ടതിനെ പറ്റിയും വിശദീകരിക്കും. ജില്ലാ തലത്തില്‍ ചര്‍ച്ചകളും വാര്‍ത്താ സമ്മേളനവും സംഘടിപ്പിക്കും. ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ പ്രചാരണം വിപുലമാക്കും. പുതിയ സ്‌കീമിലുള്ളവര്‍ക്ക് ഏഴ് ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടതില്ല എന്ന പ്രഖ്യാപനം മധ്യവര്‍ഗ്ഗത്തില്‍ ചലനമുണ്ടാക്കും എന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.