ജനരോഷം ശക്തം; ഇന്ധനസെസ് കുറക്കുന്നതിന് എല്‍ഡിഎഫില്‍ ആലോചന, ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാന്‍ നീക്കം

Advertisement

Advertisement

 

കടുത്ത ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതില്‍ എല്‍ഡിഎഫില്‍ ആലോചന തുടങ്ങി. ബജറ്റില്‍ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാനാണ് നീക്കം. കേന്ദ്ര നയത്തെ കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കള്‍ ഇന്നും നികുതി വര്‍ദ്ധനവിനെ ന്യായീകരിക്കുന്നത്. സംസ്ഥാന ബജറ്റിനെതിരെ ഇത്രയേറെ ജനരോഷം തിളക്കുന്നത് ഇതാദ്യമായാണ്. കേന്ദ്രത്തെ പഴിപറഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള ശ്രമം ദുര്‍ബ്ബലമാകുന്നുവെന്നാണ് ഇടതു വിലയിരുത്തല്‍. നികുതി – സെസ് വര്‍ദ്ധനവ് പ്രതിപക്ഷം അതിവേഗം രാഷ്ട്രീയ വിഷയമാക്കി ജനവികാരം സര്‍ക്കാറിനെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുന്നതും ഇടത് ക്യാമ്പ് ഗൗരവത്തോടെയാണ് കാണുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങാനിരിക്കെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുക പ്രയാസമാകുമെന്നാണ് പൊതു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തടിയൂരാനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയത് ഒരു രൂപയാക്കി കുറക്കുന്നതാണ് സജീവമായി പരിഗണിക്കുന്നത്.