നിറചിരിയുടെ രാജാവിന് യാത്രാമൊഴി; ഇന്നസെന്റിന്റെ സംസ്‌കാരം നടന്നു.

Advertisement

Advertisement

മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നസെന്റിന് വിട ചൊല്ലി കലാകേരളം. സംസ്‌കാരം വന്‍ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്നു. വീട്ടിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വിലാപയാത്രയോടെയാണ് മൃതദേഹം മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കല്ലറയിലേക്ക് കൊണ്ട് പോയത്. സിനിമാ, രാഷ്ട്രീയ സാംസ്‌കാരിക ലോകത്തെ പ്രമുഖരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളിലും വീട്ടിലുമെത്തി ആയിരക്കണക്കിനാളുകളാണ് പ്രിയപ്പെട്ട ഇന്നച്ഛന് അന്ത്യാഞ്ജലി നേര്‍ന്നത്. മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റിന്റെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ പ്രിയപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. പലരും കണ്ണീര്‍ വാര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, കാവ്യ സംവിധായകരായ സത്യന്‍ അന്തിക്കാട്, കമല്‍, ലാല്‍ തുടങ്ങി സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ഇന്നസെന്റിനെ അവസാനമായി ഒരു നോക്കു കാണാനെത്തി.