മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരന്‍; ഇന്ന് ഒ വി വിജയന്റെ ഓര്‍മദിനം

Advertisement

Advertisement

ഖസാക്കിന്റെ ഇതിഹാസകാരന്‍ ഒവി വിജയന്റെ ഓര്‍മദിനമാണിന്ന്. മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്നു ഒ വി വിജയന്‍. കാലത്തിന് മായ്ക്കാന്‍ കഴിയാത്ത കഥയും കഥാപാത്രങ്ങളും മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരനാണ് ഒ വി വിജയന്‍. എഴുത്തും വരയും ഒരുപോലെ വഴങ്ങിയ ആ കൈകളില്‍ നിന്ന് പിറന്നുവീണതൊക്കെയും അവര്‍ ഹൃദയത്തോട് ചേര്‍ത്തു. വ്യത്യസ്തമായിരുന്നു ഓരോ രചനയും. മലയാളി അതുവരെ പരിചയിച്ച എഴുത്തുശൈലിയെ, സാഹിത്യസങ്കല്‍പ്പങ്ങളെയെല്ലാം ചോദ്യം ചെയ്തുകൊണ്ടാണ് ഖസാക്കിലെ രവിയും അള്ളാപ്പിച്ച മൊല്ലാക്കയും നൈസാമലിയും മൈമൂനയും എത്തിയത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും അടിയന്തരാവസ്ഥയും മുതല്‍ വര്‍ത്തമാനകാല രാഷ്ട്രീയ, അധികാര , ഭരണകൂട ചലനങ്ങളെ, ധര്‍മ്മപുരാണം എന്ന കൃതി വിചാരണ ചെയ്യുന്നു. ധര്‍മ്മപുരാണത്തിന്റെ ഭാഷ തിളയ്ക്കുന്ന ക്ഷോഭത്തിന്റേതാണെങ്കില്‍ ഗുരുസാഗരത്തിന്റെ ഭാഷ ശാന്തതയുടേതാണ്.ഒ വി വിജയന്റെ എഴുത്തുകളുടെയും വരയുടെയും ലോകം വിശാലമായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെപ്പോലും സ്‌നേഹത്തോടെയും സൗമ്യതയോടെയും നേരിട്ട കഥാകാരനായിരുന്നു അദ്ദേഹം.
ചില്ലുവാതിലുകള്‍ കടന്ന്, സ്വപ്നത്തിലൂടെ, സാന്ധ്യപ്രജ്ഞയിലൂടെ, തന്നെ കൈനീട്ടി വിളിച്ച പൊരുളിന്റെ നേര്‍ക്ക് അയാള്‍ യാത്രയായി. ആ വരികളോരോന്നും മലയാളിയെ വിടാതെ പിന്‍തുടരുന്നു. വായനാലോകത്ത് ഇനിയും എത്ര കഥാപാത്രങ്ങള്‍ കടന്നുവന്നാലും കടല്‍തീരത്തിലെ വെള്ളായിയപ്പനേയും ഖസാക്കിലെ രവിയേയും ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിനായരേയും അവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.