ഭരണ മികവും ജനങ്ങളുടെ വിശ്വാസവുമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സൃഷ്ടിയെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുന്നംകുളം എല്‍ഡിഎഫ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ ഏറ്റവും കുറവ് ദരിദ്രരുള്ള നാടാണ് കേരളം. ജനസംഖ്യാനുപാതത്തില്‍ വളരെ പിറകിലാണെങ്കിലും അതിദരിദ്രരെ കണ്ടെത്തി അവരെ മുഖ്യധാരയിലെത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് സര്‍ക്കാര്‍ തുടരുന്നത്. അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന ഖ്യാതി നേടുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിയമ നിര്‍മാണം തകിടം മറിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. വലതുപക്ഷ മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പിറകെയാണ്. വികസനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളം സോമാലിയാണെന്ന് പറഞ്ഞ അതേ മോദി തന്നെ ഡിജിറ്റല്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേളയില്‍ കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് പറയേണ്ടി വന്നു. മാധ്യമങ്ങള്‍ക്കും അവരുടെ നിലപാട് തിരുത്തേണ്ടി വരും. കേരളം തുടരുന്ന മത നിരപേക്ഷ നിലപാടും, ജനപക്ഷ വികസനവും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. കുന്നംകുളം പഴയ ബസ് സ്റ്റാന്റില്‍ നടന്ന പൊതുസമ്മേളനത്തില്‍ സി പി ഐ മണ്ഡലം സെക്രട്ടറി കെ ടി ഷാജന്‍ അധ്യക്ഷനായി. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ പി സന്ദീപ്, സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം എന്‍ആര്‍ ബാലന്‍, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ സെക്രട്ടറി ഷാജി ആനിത്തോട്ടം, എന്‍ സി പി ജില്ലാ വൈസ് പ്രസിഡന്റ് സി വി ബേബി, സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ വാസു, കെ വി അബ്ദുള്‍ ഖാദര്‍, ഏരിയാ സെക്രട്ടറി എം എന്‍ സത്യന്‍ , ജില്ലാ കമ്മറ്റിയംഗങ്ങളായ കെ എഫ് ഡേവീസ്, എം ബാലാജി, ഉഷ പ്രഭുകുമാര്‍, സി പി ഐ എം വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി പ്രൊഫസര്‍ കെഡി ബാഹുലേയന്‍, നാസര്‍ ഹമീദ്, ബാലന്‍ കണിമംഗലത്ത്, ബിജു ആട്ടോര്‍ എന്നിവര്‍ സംസാരിച്ചു.
Home BUREAUS KUNNAMKULAM ഭരണ മികവും ജനങ്ങളുടെ വിശ്വാസവുമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സൃഷ്ടിയെന്ന് എം ബി രാജേഷ്.