Advertisement

Advertisement

കടവല്ലൂരിലെ കര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന തോട് നവീകരണം ആരംഭിച്ചു. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ചാണു നവീകരണം. തറമേല്‍താഴം മുതല്‍ കൊള്ളഞ്ചേരി വരെയുള്ള ഭാഗത്തെ തോടുകളുടെ ആഴം കൂട്ടുകയും ബണ്ട് വരമ്പ് ബലപ്പെടുത്തുകയുമാണ് ചെയ്യുക. 2 മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണു നവീകരണപ്രവര്‍ത്തികള്‍ നടത്തുന്നത്. മഴ ശക്തമാകും മുന്‍പു പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. തോട് നവീകരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 2 വര്‍ഷം മുന്‍പു കടവല്ലൂരിലെ കര്‍ഷകര്‍ കൊള്ളഞ്ചേരി തോട്ടില്‍ ഇറങ്ങി നിന്നു നിരാഹാരസമരം നടത്തിയിരുന്നു. എ.സി.മൊയ്തീന്‍ എംഎല്‍എ, പി.നന്ദകുമാര്‍ എംഎല്‍എ എന്നിവര്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയില്‍ തോട് ഉടന്‍ നവീകരിക്കാമെന്നു ഉറപ്പു കൊടുത്തിരുന്നെങ്കിലും 2 വര്‍ഷത്തിനു ശേഷമാണു പദ്ധതി പ്രാവര്‍ത്തികമാകുന്നത്.