ചൂണ്ടല്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങി പോക്ക് നടത്തി.

Advertisement

Advertisement

പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഭരണപക്ഷം അട്ടിമറിക്കുന്നുവെന്നാരോപിച്ച് ചൂണ്ടല്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങി പോക്ക് നടത്തി. 2023 – 24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതി ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ നിന്നാണ് പ്രതിപക്ഷം ഇറങ്ങി പോക്ക് നടത്തിയത്. പുതിയ റോഡുകള്‍ക്കുള്ള പദ്ധതിയില്‍ ആറാം വാര്‍ഡ് ചിറനെല്ലൂരില്‍ കക്കട തോടിന് സമീപം റോഡ് നിര്‍മ്മിക്കുന്നതിന് ജില്ലാ ആസൂതണ സമിതി നല്‍കിയ അംഗീകാരം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ അംഗങ്ങളായ ആന്റോ പോള്‍, എന്‍.ഡി.സജിത്ത്കുമാര്‍, നജ്‌ല സിറാജുദ്ദീന്‍, ധനേഷ് ചുള്ളിക്കാട്ടില്‍ എന്നിവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോയത്. പുതിയ റോഡ് നിര്‍മ്മാണം തടയാന്‍, സി.പി.ഐ.എം. പ്രവര്‍ത്തകരെ കൊണ്ട് വ്യാജ പരാതി നല്‍കിപ്പിക്കുന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പദ്ധതി മൂലം യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വ്യക്തിയില്‍ നിന്നും പരാതി എഴുതി വാങ്ങിയാണ് ഭരണപക്ഷം വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് വാര്‍ഡ് അംഗം ആന്റോ പോള്‍ പറഞ്ഞു. കഴിഞ്ഞ തവണ ഈ വാര്‍ഡില്‍ നിന്നും വിജയിച്ച സി.പി.ഐ.എം. അംഗത്തിന് ചെയ്യാന്‍ സാധിക്കാതിരുന്ന പദ്ധതി പ്രതിപക്ഷം അംഗം വാര്‍ഡിനെ പ്രതിനിധികരിക്കുമ്പോള്‍ നടപടിലാക്കുന്നതിന്റെ ജാള്യത മറയ്ക്കാനാണ് ഭരണപക്ഷം പദ്ധതിക്കെതിരെ നിലപാട് സ്വീകരിക്കുന്നതെന്നും ആന്റോ പോള്‍ കൂട്ടി ചേര്‍ത്തു. ഗ്രാമസഭയുടെ അംഗീകാരത്തോടെ കരട് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് വികസന സെമിനാറിലും, വാര്‍ഷിക പദ്ധതിയിലും ചര്‍ച്ച ചെയ്ത് അംഗീകരിച്ച പദ്ധതിയാണ് കക്കട തോടിന് സമീപമുള്ള പുതിയ റോഡിന്റേത്. രാഷ്ട്രീയ ഇടപെടല്‍ മൂലം പദ്ധതി അട്ടിമറിക്കപ്പെടുമ്പോള്‍ ഗ്രാമസഭയുടെയും വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെയും വികസന സെമിനാറിന്റെയും തീരുമാനങ്ങളോടുള്ള അവഗണനയും ഭരണസമിതിയിലെ ഭൂരിപക്ഷത്തിന്റെ ഹുങ്കുമാണ് വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. ഭരണ സമിതിയില്‍ വിയോജന കുറിപ്പെഴുതിയ ശേഷമാണ് പ്രതിപക്ഷം ഇറങ്ങി പോയത്.