ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ബാലമിത്ര 2.0 ക്യാമ്പയിന്റെ ഭാഗമായി നിര്‍മ്മിച്ച ഹ്രസ്വ ചിത്രം ജനശ്രദ്ധയാകര്‍ഷിച്ചു. കുഷ്ഠരോഗ ബോധവത്കരണത്തിന്റെ ഭാഗമായാണ് വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ജില്ലാമെഡിക്കല്‍ ഓഫിസ് , എന്‍ എച്ച് എം , ജില്ലാ ലെപ്രസി യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു 2.30 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം നിര്‍മ്മിച്ചത്.18 വയസ്സ് വരെയുള്ള കുട്ടികളിലെ കുഷ്ഠ രോഗനിര്‍ണയം ഉറപ്പാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികളിലെ കുഷ്ഠരോഗ ബാധ നേരത്തെ കണ്ടു പിടിക്കുന്നതിനു വേണ്ടി 2022 -23 വര്‍ഷം നടപ്പിലാക്കിയ ബാലമിത്ര അങ്കണവാടിയും സ്‌കൂള്‍ തല പദ്ധതിയും ഫലപ്രദമായിരുന്നു. ഈ വര്‍ഷം ബാലമിത്ര 2.0 എന്ന പേരില്‍ 2023 സെപ്തംബര്‍ 20 മുതല്‍ നവംബര്‍ 30 വരെ എല്ലാ ജില്ലകളിലും നടപ്പാക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ആരോഗ്യ സന്ദേശ ഹൃസ്വ ചിത്രമാണ് ബാലമിത്ര. വേലൂരിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടത്തിയിട്ടുള്ളത്. സ്‌ക്കൂള്‍ പശ്ചാത്തലത്തിലാണ് രോഗത്തിന്റെ സന്ദേശമുള്‍ക്കൊള്ളുന്ന ചിത്രം പ്രേക്ഷകര്‍ക്കിടയിലേക്ക് മിഴി തുറക്കുന്നത്. ക്ലാസ്സ് മുറിയിലെ ചെറു സംഭാഷണവും അതെ തുടര്‍ന്ന് അദ്ധ്യാപിക രോഗ ലക്ഷണം തിരിച്ചറിയുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്റെ കഥയില്‍ വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപ കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രം കിരാലൂര്‍ ഗവ: എല്‍.പി.സ്‌കൂളിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചിട്ടുള്ളത്. വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി ദീപ , മാസ്റ്റര്‍ ഗൗതം കൃഷ്ണ, ബേബി ആത്മജ, അജ്ഞലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറ ജോണും , എഡിറ്റിംഗ് ദീപു ചേര്‍ത്തലയുമാണ്.