നക്ഷത്ര ലോകത്തില്‍ തിളങ്ങി കടങ്ങോട് പാറപ്പുറം ഗവ.എല്‍.പി സ്‌കൂള്‍. ആകാശത്തിന്റെ അനന്തമായ വര്‍ണക്കാഴ്ചകള്‍ വിദ്യാലയാങ്കണത്തില്‍ ഒരുക്കി അറിവിന്റേയും വിസ്മയത്തിന്റേയും പുതുലോകത്തിലേക്കുള്ള പടവുകള്‍ കയറുകയാണ് ഇവിടുത്തെ കുരുന്നുകള്‍.പോര്‍ട്ടബിള്‍ പ്ലാനിറ്റോറിയം – എന്ന പേരില്‍ വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശാസ്ത്ര പ്രദര്‍ശനത്തിലൂടെ കുട്ടികളില്‍ ശാസ്ത്രീയാഭിരുചി വളര്‍ത്തുന്നതിനും, ശാസ്ത്ര മേഖലകളിലെ തുടരന്വേഷണങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതിനും അവസരം ഒരുക്കി. ദൃശ്യ വിസ്മയത്തിലൂടെ ഗ്രഹങ്ങളും , ഉപഗ്രഹങ്ങളും കൃത്രിമ ഉപഗ്രഹങ്ങളും കണ്‍മുന്നിലെത്തിയപ്പോള്‍ ആഹ്ലാദാരവങ്ങളോടെയാണ് കുട്ടികള്‍ പ്രദര്‍ശനത്തെ എതിരേറ്റത്. പ്രകൃതിയിലെ പ്രതിഭാസങ്ങളും അവയ്ക്ക് പിന്നിലെ ശാസ്ത്രീയതയും അനാവൃതമാക്കുന്നതിന് ഇതിലൂടെ സാധിച്ചു. അക്കാദമിക രംഗത്തെ കുട്ടികളുടെ മുന്നേറ്റത്തിന് ഒരുമുതല്‍ക്കൂട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്ന് അധ്യാപകരും പി.ടി.എ.യും അഭിപ്രായപ്പെട്ടു.തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘മിസ്റ്ററി ഡോംസ് ‘എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രദര്‍ശനം പ്രീ പ്രൈമറി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നവ്യാനുഭവമായി മാറി.