കുടുംബവഴക്കിനെ തുടര്‍ന്ന് മകന്റെ കുടുംബത്തെ പെട്രാേള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയും മരിച്ചു

Advertisement

Advertisement

കുടുംബവഴക്കിനെ തുടര്‍ന്ന് കുടുംബത്തെ പെട്രാേള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. ഇതോടെ ഈ സംഭവത്തില്‍ മരണം നാലായി. മണ്ണുത്തി ചിറക്കക്കോട് കൊട്ടേക്കാടന്‍ വീട്ടില്‍ ജോജിയുടെ ഭാര്യ ലിജിയാണ് (35) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് മരിച്ചത്. മണ്ണുത്തി ചിറക്കാക്കോട് സ്വദേശി കൊട്ടേക്കാടന്‍ വീട്ടില്‍ ജോണ്‍സനാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മകന്‍ ജോജി, ഭാര്യ ലിജി,12കാരനായ പേരക്കുട്ടി ടെണ്‍ഡുല്‍ക്കര്‍ എന്നിവരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കുടുംബം ഉറങ്ങിക്കിടന്ന സമയത്താണ് ജോണ്‍സണ്‍ ഇവരുടെ മുറി പുറത്ത് നിന്നും പൂട്ടി ജനല്‍ വഴി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ജോജി, മകന്‍ ടെണ്‍ഡുല്‍ക്കര്‍ എന്നിവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സംഭവദിവസം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. തീ കൊളുത്തിയതിനു ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോണ്‍സനെ വീടിന്റെ ടെറസിന് മുകളില്‍ നിന്നും അവശ നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 21ന് മരണത്തിന് കീഴടങ്ങി. മകനുമായുള്ള തര്‍ക്കത്തിലുള്ള വൈരാഗ്യമാണ് ഈ കൊടും ക്രൂരതക്ക് കാരണമായത്. ഒരു തരത്തിലും രക്ഷപ്പെടരുതെന്ന മുന്‍ കരുതലോടെയായിരുന്നു തീ കൊളുത്തിയത്. വീട്ടുകിണറ്റിലെ മോട്ടോര്‍ കേടാക്കിയതി നു ശേഷമാണ് ജോണ്‍സണ്‍ ഈ ക്രൂര കൃത്യം ചെയ്ത്. ഒടുവില്‍ സമീപത്തെ വീട്ടിലെ പൈപ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ കെടുത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.