6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; 3 ദിവസങ്ങൾക്ക് മുമ്പും കാർ പ്രദേശത്ത്; പള്ളിക്കൽമൂതലയിലെ ദൃശ്യങ്ങൾ പുറത്ത്

Advertisement

Advertisement

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ചതായി പൊലീസ് വ്യക്തമാക്കി. 24ാം തീയതിയിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. 27നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്. തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുൻപ്  സമാനപാതയിലൂടെ പ്രതികൾ യാത്ര ചെയ്തിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കൊല്ലം പള്ളിക്കൽ ‌മൂതലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31നാണ് വെള്ള സ്വിഫ്റ്റ് കാർ ഇതുവഴി കടന്നു പോകുന്നത്. പാരിപ്പള്ളിയിൽ നിന്നും ചടയമംഗലം ഭാഗത്തേക്കാണ് യാത്ര. അതേ സമയം കേസിൽ സ്വിഫ്റ്റ് ഡിസയർ കാറുകളുടെ വിശദാംശം തേടുകയാണ് പൊലീസ്. മോട്ടോർ വാഹന വകുപ്പിനോടും കമ്പനിയോടുമാണ് കാറുകളെക്കുറിച്ചുള്ള വിവരം തേടിയത്. 2014 ശേഷം രജിസ്റ്റർ ചെയ്ത കാറുകളുടെ വിശദാംശമാണ് തേടുന്നത്. പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായി 4 ദിവസം പിന്നിട്ടിട്ടും പ്രതികൾക്കായി ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. കേസിൽ പൊലീസിനെ വട്ടം ചുറ്റിക്കുകയാണ് പ്രതികൾ. പ്രതികളുടെ കാർ ചാത്തന്നൂർ എത്തിയ ശേഷം എങ്ങോട്ട് പോയെന്നതിനെകുറിച്ച് പൊലീസിന് വ്യക്തയില്ല. ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ തുടർച്ചയായ ക്യാമറ ദൃശ്യങ്ങളും ലഭിക്കുന്നില്ല. തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.