മിഗ്‌ജാമ്‌ ചുഴലി : മഴയില്‍ മുങ്ങി ചെന്നൈ , ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു

Advertisement

Advertisement

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഗ്‌ജാമ്‌ തീവ്രചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിൽ ചെന്നൈ നഗരം മുങ്ങി. വീടുകളിൽ വെള്ളംകയറി. ഭൂരിഭാ​ഗം റോഡുകളും വെള്ളത്തിനടിയിലായതോടെ  ജനജീവിതം ദുരിതത്തിലായി. വൈദ്യുതിയും ഇന്റര്‍നെറ്റും മുടങ്ങി. അതിനിടെ ഞായര്‍ രാത്രി ചെന്നൈ ന​ഗരത്തിലെ വെലമ്മലില്‍ റോഡിൽ മുതലയെ കണ്ടതോടെ ജനം പരിഭ്രാന്തിയിലായി. നദി കര കവിഞ്ഞതോടെയാണ് മുതല ന​ഗരത്തില്‍ എത്തിയതെന്നാണ് നി​ഗമനം. ആറു പേർ മഴക്കെടുതിയില്‍ മരിച്ചു. ചെന്നൈ കനത്തൂരിൽ മതില്‍ ഇടിഞ്ഞാണ്‌ രണ്ട്‌ മരണം. തമിഴ്‌നാട്ടിൽ 500 പേര്‍ക്കു വീതം താമസിക്കാവുന്ന 162 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. 52 മെഡിക്കല്‍ ക്യാമ്പും സജ്ജമാണ്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, വില്ലുപുരം എന്നിവിടങ്ങളില്‍ 250 പേരടങ്ങുന്ന ഒമ്പത് എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു. 24 മണിക്കൂറിനിടയില്‍ ചെന്നൈയിലെ പല ഭാ​ഗങ്ങളിലും 20 സെന്റിമീറ്ററിലധികം മഴ പെയ്‌തു. മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്നും കടലിൽപ്പോയവരോട് തിരിച്ചുവരാനും നിർദേശിച്ചു. മറീന ബീച്ചിൽ സന്ദർശകരെ വിലക്കി. അടിയന്തര സഹായത്തിന്‌–-ഫോൺ: 9445869848.