നിതീഷും മമതയും പിൻവാങ്ങി; ‘ഇന്ത്യാ സഖ്യ’ത്തിന്റെ യോഗം മാറ്റി

Advertisement

Advertisement

പ്രമുഖ നേതാക്കൾ പിൻവാങ്ങിയതോടെ  പ്രതിപക്ഷസഖ്യമായ ‘ഇന്ത്യ മുന്നണി’യുടെ യോഗം മാറ്റിവെച്ചു.  ബുധനാഴ്ച ഡൽഹിയിൽ ചേരാനിരുന്ന സഖ്യയോഗമാണ് മാറ്റിവെച്ചത്.   യോഗത്തില്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് തീരുമാനമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും അറിയിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും യോഗത്തിനെത്തില്ലെന്ന്‌  അറിയിച്ചു. ഇതേതുടർന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ  വസതിയിൽ ചേരാന്നിരുന്ന യോഗം മാറ്റി വെച്ചത്. മാറ്റി വെച്ചയോഗം ഡിസംബർ മുന്നാം വാരത്തിൽ ചേരും.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിയെ നയിക്കേണ്ട പ്രധാനപ്പെട്ട മൂന്നു നേതാക്കളാണ് യോഗത്തിൽനിന്നും പിൻവാങ്ങിയത്. നിതീഷിനേയും മമതയേയും അഖിലേഷിനെയും കൂടാതെ പ്രതിപക്ഷ സംഖ്യത്തിലെ മറ്റുപല നേതാക്കളും യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നതായി പറയുന്നു.

തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്കുനിന്നു നേരിടുന്ന കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ പ്രദേശിക പാര്‍ട്ടികള്‍ക്കിടയിൽ താൽപര്യമില്ല. സംഖ്യകക്ഷികളുമായി സീറ്റ് പങ്കിടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നുവെങ്കില്‍ തോല്‍വിയുടെ ആഘാതം കുറയ്ക്കാമായിരുന്നുവെന്ന് അഖിലേഷ് യാദവും മമതാ ബാനര്‍ജിയും നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം കോൺഗ്രസിന്റെ പരാജയമാണെന്ന് മമതാ ബാനർജിയും വ്യക്തമാക്കിയിരുന്നു.