സംസ്ഥാനത്ത് 5024.535 ഹെക്ടർ വനഭൂമി കയ്യേറ്റക്കാരുടെ കൈകളിൽ; വനംവകുപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

Advertisement

Advertisement

സംസ്ഥാനത്ത് 5024.535 ഹെക്ടർ വനഭൂമി കയ്യേറ്റക്കാരുടെ കൈകളിലെന്ന് വനംവകുപ്പ് റിപ്പോർട്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട ഹൈറേഞ്ച് സർക്കിളിലാണ് കയ്യേറ്റങ്ങൾ കൂടുതലെന്നാണ് വനം വകുപ്പ് പുറത്തുവിട്ട 2021–22 ലെ വാർഷിക ഭരണ റിപ്പോർട്ടിൽ പറയുന്നത്.

സർക്കിൾ തിരിച്ചുള്ള കയ്യേറ്റ കണക്ക് ഇങ്ങിനെയാണ്. ഹൈറേഞ്ച് സർക്കിൾ, കോട്ടയം ഇടുക്കി, എറണാകുളം–1998.0296 ഹെക്ടർ. ഇതിൽ തന്നെ കയ്യേറ്റക്കാരുടെ പറുദീസയായ മൂന്നാർ ഡിവിഷനിലാണ് കൂടുതൽ കയ്യേറ്റങ്ങളുള്ളത്, 1099.6538 ഹെക്ടർ. ഈസ്റ്റേൺ സർക്കിൾ, മലപ്പുറം, പാലക്കാട്–1599.6067, സതേൺ സർക്കിൾ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ– 14.60222, സെൻട്രൽ സർക്കിൾ, തൃശൂർ, എറണാകുളം–319.6097, നോർത്തേൺ സർക്കിൾ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്–1085.6648. എന്നിങ്ങനെയാണ് കയ്യേറ്റങ്ങൾ.

മൂന്നാറിന് പുറമെ കോതമംഗലം, കോട്ടയം, മാങ്കുളം, നിലമ്പൂർ വടക്ക്, മണ്ണാർക്കാട്, നെൻമാറ, വയനാട് വടക്ക് ഡിവിഷനുകളിലാണ് കൂടുതൽ കയ്യേറ്റങ്ങളും റിപ്പോർട്ട് ചെയ്തത്. മറയൂർ, തെൻമല, നിലമ്പൂർ തെക്ക്, ആറളം വന്യജീവി സങ്കേതം, വയനാട് വന്യജീവി സങ്കേതം എന്നീ ഡിവിഷനുകളിൽ കയ്യേറ്റങ്ങൾ വളരെ കുറവാണ്.