പുതിയ ക്രിമിനൽ നിയമങ്ങൾ 
ജൂലൈ ഒന്നുമുതൽ

Advertisement

Advertisement

ഐപിസി, സിആർപിസി, തെളിവ്‌ നിയമം എന്നിവയ്‌ക്കു പകരം കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽനിയമങ്ങൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഭാരതീയന്യായ സംഹിത (ബിഎൻഎസ്‌), ഭാരതീയ നാഗരിക്‌ സുരക്ഷാ സംഹിത (ബിഎൻഎസ്‌എസ്‌), ഭാരതീയ സാക്ഷ്യ അദിനിയം എന്നിവ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന്‌ വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

അതേസമയം, ബിഎൻഎസ്‌ 106–-ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ്‌ ഇപ്പോൾ പ്രാബല്യത്തിൽ വരില്ല. അലക്ഷ്യമായി വാഹനമോടിച്ച്‌ മരണത്തിന്‌ ഇടയാക്കിയാൽ പരമാവധി 10 വർഷംവരെ തടവും പിഴയുമാണ്‌ ഈ വകുപ്പിൽ വ്യവസ്ഥ ചെയ്‌തിരുന്നത്‌. ഇതിനെതിരെ ട്രക്ക്‌ ഡ്രൈവർമാരുടെയും മറ്റും നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ ഉണ്ടായതോടെയാണ്‌ ഈ വ്യവസ്ഥ തൽക്കാലം മരവിപ്പിച്ചത്‌.

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിമിനൽനിയമങ്ങൾക്ക്‌ ബദലായിട്ടുള്ള പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട ആദ്യ ബില്ലുകൾ ആഗസ്‌ത്‌ 11നാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അവതരിപ്പിച്ചത്‌. ബില്ലുകൾ പിന്നീട് പിൻവലിച്ചു. ശീതകാല സമ്മേളനത്തിൽ വീണ്ടും അവതരിപ്പിച്ച ബില്ലുകൾ ഡിസംബർ അവസാനം പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്‌തു.

പുതിയ ക്രിമിനൽനിയമങ്ങൾ പൊലീസിനും അന്വേഷണ ഏജൻസികൾക്കും വിപുലമായ അധികാരം നൽകുന്നുവെന്ന വിമർശം ശക്തമാണ്‌. സിആർപിസി അനുസരിച്ച്‌ കുറ്റാരോപിതനെ 15 ദിവസത്തിൽ കൂടുതൽ കസ്റ്റഡിയിൽ വയ്ക്കാനാകില്ല. എന്നാൽ, പുതിയ നിയമത്തില്‍ അങ്ങനെയില്ല.