പുന്നയൂര്‍ക്കുളം കേരള സാഹിത്യ അക്കാദമി കമല സുരയ്യ സമുച്ചയത്തില്‍ പരിപാടികള്‍ നടത്താന്‍ ആളുകള്‍ വിസമ്മതിക്കുന്നു.

Advertisement

Advertisement

അവശ്യ സാധനങ്ങളുടെ അപര്യാപ്തത മൂലം പുന്നയൂര്‍ക്കുളം കേരള സാഹിത്യ അക്കാദമി കമല സുരയ്യ സമുച്ചയത്തില്‍ പരിപാടികള്‍ നടത്താന്‍ ആളുകള്‍ വിസമ്മതിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2 പരിപാടി മാത്രമാണ് ഇവിടെ നടന്നത്.കമല സുരയ്യ സമുച്ചയ ഹാള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 8 മണിവരെ ഉപയോഗിക്കാന്‍ 3200 രൂപയാണ് വാടക. പകുതി സമയമാണെങ്കില്‍ 2400 രൂപ വാടക നല്‍കണം. നേരത്തെ ഇത് 2900വും 2200 ആയിരുന്നു. എല്ലാ സൗകര്യങ്ങളും ഉള്ള വിശാലമായ സാഹിത്യഅക്കാദമി ഹാളിന് 5300 രൂപ മാത്രം വാടക നല്‍കിയാല്‍ മതി. എന്നാല്‍ 60 കസേര മാത്രം ഉള്ള ഹാളിനു 3200 രൂപ വാടക ഈടാക്കുന്നത്. മെക്ക് – സൗണ്ട് സിസ്റ്റം എന്നിവ ആവശ്യക്കാര്‍ കൊണ്ടുവരണം. കറന്റ് പോയാല്‍ ജനറേറ്ററോ ഇന്‍വര്‍ട്ടര്‍ സംവിധാനമൊ ഇവിടെ ഇല്ല. വലിയ സംഖ്യ വാടക നല്‍കുന്നതിനു പുറമെ ബാക്കിയെല്ലാം സംഘാടകര്‍ പുറത്തു നിന്നു സംഘടിപ്പിക്കണം. കഴിഞ്ഞ ജൂലൈയില്‍ സാഹിത്യ അക്കാദമി കമലസുരയ്യ സമുച്ചയം ജനകീയമാക്കാന്‍ ചിലതെല്ലാം പ്രഖ്യാപിച്ചങ്കിലും അതെല്ലാം കടലാസിലൊതുങ്ങി. അക്കാദമി പ്രസിഡന്റും സെക്രട്ടറിയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പങ്കെടുത്ത യോഗം കമലസുരയ്യ സമുച്ചയത്തില്‍ ചേര്‍ന്നിരുന്നു. ഹാളില്‍ സൗണ്ട് സിസ്റ്റം, ഇര്‍വര്‍ട്ടര്‍, കൂടുതല്‍ കസേര എന്നീവ സജ്ജീകരിക്കും, 3 മാസത്തിനൊരിക്കല്‍ പരിപാടികള്‍ നടത്തും, സമുച്ചയത്തിന്റെ പ്രവര്‍ത്തനത്തിനായി സമിതി രൂപീകരിക്കും തുടങ്ങിയവയായിരുന്നു പ്രഖ്യാപനങ്ങള്‍. യോഗം കഴിഞ്ഞ് മാസം 7 കഴിഞ്ഞിട്ടും അക്കാദമി ഈ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആക്ഷേപം. വിശ്വവിഖ്യാത എഴുത്തുകാരിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഇവിടെ പേരിന് പോലും ഒരു ലൈബ്രറി ഒരുക്കിയിട്ടില്ല. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കിലും സമുച്ചയ ഹാളിന്റെ വാടക കൃത്യമായി ഉയര്‍ത്താന്‍ അക്കാദമി മറന്നതുമില്ല. സൗകര്യങ്ങള്‍ ഇല്ലാത്തതും കൂടിയ വാടക നിരക്കും കാരണം ഇവിടെ പരിപാടികള്‍ നടത്താന്‍ ആളില്ലാത്ത അവസ്ഥയാണ്. ഇത് മൂലം പുന്നയൂര്‍ക്കുളത്തെ സാഹിത്യ കൂട്ടായ്മ നിരാശയിലാണ്.