മണത്തല ശ്രീവിശ്വനാഥക്ഷേത്ര മഹോത്സവത്തിന് ആയിരങ്ങള്‍ എത്തി

Advertisement

Advertisement

ശ്രീനാരായണ ഗുരുവിന്റെ പാദസ്പര്‍ശത്താല്‍ പവിത്രവും, ചരിത്രപ്രസിദ്ധവുമായ വിശ്വാനാഥ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന കൂട്ടിയെഴുന്നെള്ളിപ്പ് തലയെടുപ്പുള്ളുള്ള കൊമ്പന്‍മാരുടെ ഒന്നിച്ചെഴുന്നെള്ളത്തിനാല്‍ ശ്രദ്ധേയമായി. രാവിലെ നാല് മണിക്ക് പള്ളിയുണര്‍ത്തലിന് ശേഷം ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് നിര്‍മ്മാല്യദര്‍ശനം, ഗണപതിഹോമം,അഭിഷേകം, ഉഷപൂജ,കാഴ്ച്ച ശീവേലി, കലശാഭിഷേകം മറ്റു വിശേഷാല്‍ പൂജകള്‍ തുടങ്ങിയ താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി സി.കെ.നാരായണന്‍കുട്ടി ശാന്തി, മേല്‍ശാന്തി എം.കെ.ശിവാനന്ദന്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈകീട്ട് മൂന്നിന് ശ്രീശങ്കരപുരം പ്രകാശന്‍ മാരാര്‍ നയിച്ച പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. തുടര്‍ന്ന് 16 ദേശങ്ങളില്‍ നിന്നുള്ള ഉത്സവാഘോഷ കമ്മിറ്റികളുടെ പൂരങ്ങള്‍ വൈകീട്ട് 8-ന് ക്ഷേത്രത്തിലെത്തി.

വിവിധ വാദ്യമേളങ്ങള്‍,പ്രാചീനകലാരൂപങ്ങള്‍,വര്‍ണ്ണ കാവടികള്‍ എന്നിവ എഴുന്നളളിപ്പുകള്‍ക്ക് അകമ്പടിയായി. രാത്രി 8.30 -ന് കൂട്ടിയെഴുന്നള്ളിപ്പ് ആരംഭിച്ചു.കൂട്ടിയെഴുന്നള്ളിപ്പില്‍ കേരളത്തിലെ തലപൊക്കത്തില്‍ പ്രധാനികളായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ചിറക്കല്‍ കാളിദാസന്‍, ത്രിക്കടവൂര്‍ ശിവരാജു, പുതുപ്പള്ളി കേശവന്‍, തുടങ്ങി 30 കൊമ്പന്മാര്‍ അണിനിരന്നു. ഗജവീരന്‍ വലിയപുരക്കല്‍ ആര്യനന്ദന്‍ തിടമ്പേറ്റി. തുടര്‍ന്ന് തിരുവല്ല രാധാകൃഷ്ണന്‍, ഗുരുവായൂര്‍ ശശിമാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറു കലാകാരന്‍മാരെ അണിനിരത്തി പാണ്ടിമേളം നടന്നു. രാത്രി പത്തോടെ ആറാട്ടും, കൊടിയിറക്കവും നടന്നതോടെ പത്ത് ദിവസമായി നടന്നു വന്നിരുന്ന ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമായി. ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് പ്രധാന്‍ കുറ്റിയില്‍,സെക്രട്ടറി കെ.ആര്‍.രമേഷ്, എ.എ.ജയകുമാര്‍, വൈസ് പ്രസിഡന്റ് എന്‍.ജി.പ്രവീണ്‍കുമാര്‍, ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.സി.മുരളി, കണ്‍വീനര്‍ സുനില്‍ പനയ്ക്കല്‍, ജോയിന്റ് കണ്‍വീനര്‍ രത്നകുമാര്‍ നെടിയേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.