യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു

Advertisement

Advertisement

 

വേലൂര്‍ കിരാലൂരില്‍ യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. കിരാലൂര്‍ ചിരിയങ്കണ്ടത്ത് പത്ത് ബാബു എന്ന് വിളിക്കുന്ന ബാബു (53), മകന്‍ രാഹുല്‍ (22) എന്നിവരാണ് അറസ്റ്റിലായത്. കിരാലൂര്‍ ചീരന്‍ വീട്ടില്‍ ജോയ്‌സണ്‍ (31)നെയാണ് പ്രതികള്‍ ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. പ്രതി ബാബുവിന്റെ മകളുടെ ഭര്‍ത്താവ് ലിന്റോ മാര്‍ഗ തടസമായി വഴിയില്‍ വെച്ചിരുന്ന ബൈക്ക് മാറ്റിവെക്കാന്‍ ജോയ്‌സണ്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള വാക്കേറ്റമാണ് ആക്രമണത്തിന് കാരണം. തുടര്‍ന്ന് മര വടികളുപയോഗിച്ച് ബാബു, രാഹുല്‍, ലിന്റോ ഇവരുടെ അയല്‍വാസി കുഞ്ഞുമോന്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ജോയ്‌സണെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐ.യു.മഹേഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കേസിലെ മൂന്നും നാലും പ്രതികളായ ലിന്റോയും കുഞ്ഞുമോനും ഒളിവിലാണ്. പ്രതികള്‍ വധശ്രമം ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. എ.എസ്.ഐ എ.വി.സജീവ്, സി.പി.ഒമാരായ കെ.സഗുണ്‍,രാഹുല്‍ദാസ്, ജിനോ സെബാസ്റ്റ്യന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.